‘ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് പറഞ്ഞുകൂടെ പിണറായിക്ക് ?

0
115

സംസ്ഥാനത്തെ ക്രമസമാധാനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച നടപടിയില്‍ ഗവര്‍ണര്‍ക്കെതിരെ സംസാരിക്കാന്‍ പിണറായിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയാറാണോയെന്ന് വി.ടി. ബല്‍റാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രതിഷേധിക്കാന്‍ തയാറാണെങ്കില്‍ പ്രതിപക്ഷം അവരെ പിന്തുണക്കുമെന്ന് ബല്‍റാം വ്യക്തമാക്കിയത്. നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും എന്നാണ് ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

ക്രമസമാധാനം ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മണ്‍ ചെയ്തതിനേക്കുറിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബര്‍ സിപിഎമ്മുകാരുടെ പരാതി. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതിന് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കോ ഇല്ലാത്ത പരാതി കോണ്‍ഗ്രസിന് വേണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഗവര്‍ണ്ണറുടെ അമിതാധികാരപ്രവണതക്ക് കുടപിടിക്കുന്നതായി ഞങ്ങളങ്ങ് വിധിച്ചുകളയും എന്നുമുള്ള ടോണാണ്
ഇത്തരക്കാരുടേത്. അത് വിലപ്പോവില്ല.

ഗവര്‍ണ്ണര്‍ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാന്‍ ഗവര്‍ണ്ണര്‍ക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മണ്‍ ചെയ്യുക എന്നത്. അത് കേള്‍ക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മണ്‍സ് അയച്ച് വിളിപ്പിക്കുന്ന സീന്‍ ഒന്നും ഓര്‍ക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി.

ഗവര്‍ണര്‍ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകേണ്ടതുണ്ടോ എന്നും ബല്‍റാം ചോദിക്കുന്നുണ്ട്. ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണ്ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണ്. ‘ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിനാണോ കുറ്റം എന്നും ബല്‍റാം ചോദിക്കുന്നു.

ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നാല് വാക്ക് പറയാന്‍ ആദ്യം മുഖ്യമന്ത്രി വിജയന്‍ തയ്യാറാവട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കില്‍ പ്രതിപക്ഷം തീര്‍ച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഗവര്‍ണ്ണര്‍ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here