തച്ചങ്കരിയെ മാറ്റി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

0
93

പൊലീസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ തച്ചങ്കരിയെ അടക്കം മാറ്റി, പൊലീസ് തലപ്പത്തു സര്‍ക്കാര്‍ സമഗ്ര അഴിച്ചുപണി നടത്തി. എഡിജിപി മുതല്‍ എസ്പി വരെയുള്ളവരെയാണു മാറ്റിയത്. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് കമന്‍ഡാന്റ് ജനറലാക്കി. അവിടെ നിന്നുള്ള ഡിജിപി എ.ഹേമചന്ദ്രനാണു ക്രൈംബ്രാഞ്ച് മേധാവി. തച്ചങ്കരിയുടെ സ്ഥാനത്തു ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി ഗതാഗത കമ്മിഷണര്‍ എസ്.ആനന്ദകൃഷ്ണനെ നിയമിച്ചു. വിജിലന്‍സ് എഡിജിപി അനില്‍കാന്താണു പുതിയ ഗതാഗതകമ്മിഷണര്‍. സര്‍ക്കാരിന്റെ വിശ്വസ്തനായാണു എഡിജിപി ടോമിന്‍ തച്ചങ്കരി അറിയപ്പെടുന്നത്.

ക്രൈംബ്രാഞ്ച് മേധാവി നിതിന്‍ അഗര്‍വാളിനെ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് എഡിജിപി ആയിമാറ്റി. ഇന്റലിജന്‍സിലും കാര്യമായ അഴിച്ചുപണിയുണ്ട്. ഇന്റേണല്‍ സെക്യൂരിറ്റി ഐജിയായി വിനോദ് കുമാറിനെ നിയമിച്ചു. വി.ലക്ഷ്മണ്‍ സെക്യൂരിറ്റി ഐജിയായി തുടരും. ഇന്റലിജന്‍സില്‍ നിന്നു ഐജി ഇ.ജയരാജനെ ക്രൈംബ്രാഞ്ചിലേക്കു മാറ്റി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയാക്കി. ഇതിനു പുറമെ ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികളേയും കമ്മിഷണര്‍മാരേയും വ്യാപകമായി മാറ്റിയതായി സൂചനയുണ്ട്. സിഐമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡിഐജി പ്രകാശ് ആണു തിരുവനന്തപുരം സിറ്റിയിലെ പുതിയ കമ്മിഷണര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി പൊലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍. നായരേയും അവിടെ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും നിയമിച്ചു. തിരുവനന്തപുരം ഡിസിപി അരുള്‍ ബി. കൃഷ്ണയാണു വയനാട് എസ്പി. ആലപ്പുഴ എസ്പിയായി സുരേന്ദ്രനേയും കൊല്ലം റൂറല്‍ എസ്പിയായി വിജിലന്‍സില്‍ നിന്ന് അശോകനെയും കൊച്ചി ഡിസിപിയായി കറുപ്പുസ്വാമിയേയും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here