നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് പള്‍സര്‍ സുനി. ഇതിനായി സുനിയുടെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പിഴവുകള്‍ തിരുത്തി വീണ്ടും അപേക്ഷ നല്കാന് കോടതി നിര്‍ദേശിച്ചു. ഇപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട് അഭിഭാഷകനോട് സംസാരിച്ച ശേഷമേ മൊഴി നല്‍കുന്നുള്ളൂ എന്നായിരുന്നു സുനിയുടെ മറുപടി.
സിനിമാരംഗത്തെ ഉള്‍പ്പെടെ പലരുടെയും പങ്ക് വെളിപ്പെടുത്താനുള്ള സാഹചര്യത്തിലാണ് സുനി രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കോടതിയില്‍ രേഖപ്പെടുത്തുന്ന മൊഴിക്ക് നിയമസാധുതയും ലഭിക്കുമെന്നതും പ്രതിഭാഗത്തിന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്.
രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള വകുപ്പായ 164 പ്രകാരം മൊഴിരേഖപ്പെടുത്തണമെന്നാണ് ആളൂര്‍ അപേക്ഷയില്‍ പറഞ്ഞത്. എന്നാല്‍ ഇത് കുറ്റസമ്മതം രേഖപ്പെടുത്തുന്നതിനുള്ള വകുപ്പാണ്. 164 (5) പ്രകാരമാണ് സുനിയുടെ മൊഴി രേഖപ്പെടുത്തേണ്ടത്.
ഇന്ന് കോടതിയില്‍ എത്തിയപ്പോള്‍ പ്രതികളെല്ലാം പിടിയിലായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് സുനി നല്‍കിയത്. അപ്പുണ്ണിയെ അറിയാമോ എന്നു ചോദിച്ചപ്പോള്‍ അപ്പുണ്ണി എന്താണ് പറഞ്ഞതെന്നും സുനി ചോദിച്ചു. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ‘സ്രാവുകള്‍ വല പൊട്ടിക്കുമോ എന്നു നോക്കട്ടെ’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.
റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സുനിയെയും രണ്ട് കൂട്ടു പ്രതികളെയും ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ വീണ്ടും കോടതി റിമാന്‍ഡില്‍ വിട്ടു.
കേസില്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കാക്കാനാട് ജില്ലാ ജയിലില്‍ കഴിയുന്ന സുനിയെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ഇന്‍-ക്യാമറ നടപടിക്രമങ്ങളായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. അഭിഭാഷകരും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി അടച്ചിട്ട മുറിക്കുള്ളിലായിരുന്നു നടപടികള്‍.