നടി പറഞ്ഞാലും അജു വര്‍ഗീസിനെതിരായ എഫ്.ഐ.ആര്‍ പിന്‍വലിക്കില്ലെന്നു കോടതി

0
66

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ അജുവര്‍ഗ്ഗീസിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നടിയുമായി ഒത്തു തീര്‍പ്പായി എന്നതു കൊണ്ട് മാത്രം നടനെതിരെയുള്ള കേസ് പിന്‍വലിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു

അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് അജുവര്‍ഗ്ഗീസ് കോടതിയോട് ആവശ്യപ്പെട്ടത്. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമായിരുന്നു നടിയുടെ സത്യവാങ്മൂലം അജുവര്‍ഗ്ഗീസ് സമര്‍പ്പിച്ചത്.ഈ ഹര്‍ജി പരിഗണിക്കവെയാണ് നടിയുമായി ഒത്തുതീര്‍പ്പായെന്ന് കരുതി എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്തതിനുശേഷം ദിലീപിനെ ന്യായീകരിച്ച് ഇട്ട പോസ്റ്റിലാണ് അജു വര്‍ഗ്ഗീസ് ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് അജുവര്‍ഗ്ഗീസ് പേര് പോസ്റ്റില്‍ നിന്ന് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു.എന്നാല്‍ വിഷയത്തില്‍ കളമശ്ശേരി സ്വദേശി ശിരീഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here