പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ്; സ്പീക്കര്‍ നടപടിയെടുക്കണം

0
60

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ നടപടി വേണമെന്ന് സിനിമയിലെ വനിതാകൂട്ടായ്മ വിമൻ ഇൻ സിനിമാ കളക്ടീവ്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോടാണ് വിമൻ ഇൻ സിനിമാ കളക്ടീവ് ഫെയ്സ് ബുക്ക്‌ കുറിപ്പില്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.

അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാൻ പോയതെന്നു പറയണമെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ പി.സി. ജോർജ് ചോദിച്ചത്. ഇതിനെതിരെയാണ് വിമൻ ഇൻ സിനിമാ കളക്ടീവ് രംഗത്ത് വന്നത്.

പി.സി.ജോര്‍ജിനെപ്പോലുള്ള ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്ന്‍ വിമൻ ഇൻ സിനിമാ കളക്ടീവ് ഓര്‍മ്മപ്പെടുത്തുന്നു.

താൻ നേരിട്ട ആക്രമണത്തെ കുറിച്ചു പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്കു മടങ്ങിച്ചെന്നു ജോലി ചെയ്യാൻ തയാറാവുകയും ചെയ്ത സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും മാതൃകയെന്നോണം ലോകം മുഴുവൻ അവളെ കാണുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണു പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ജോർജ് പറയുന്നത്. കുറിപ്പില്‍ വനിതാ കൂട്ടായ്മ എഴുതുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവിന്റെ കുറിപ്പിന്റെ പൂർണരൂപം:
താൻ നേരിട്ട ആക്രമണത്തെ കുറിച്ചു പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്കു മടങ്ങിച്ചെന്നു ജോലി ചെയ്യാൻ തയാറാവുകയും ചെയ്ത സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും മാതൃകയെന്നോണം ലോകം മുഴുവൻ അവളെ കാണുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണു പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ജോർജ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞുകണ്ടത്.
ഒരു നിയമസഭാ സാമാജികനിൽനിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങൾക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവർത്തകയോടൊപ്പം നിൽക്കാനുള്ള മനസ്സ് കാട്ടിയില്ല എന്നതിലുപരി ഈ കേസിൽ പ്രതിഭാഗത്തോടൊപ്പം ചേർന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ജോർജെന്ന് ഞങ്ങൾ സംശയിക്കുന്നു.

സ്ത്രീത്വത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്നു ഞങ്ങൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്യപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്ത ലംഘനം പരിഗണിച്ച് ഈ എംഎൽഎയ്ക്കെതിരേ നടപടി എടുക്കണമെന്നു വിമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ നിയമസഭാ സ്പീക്കറോട് അഭ്യർഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here