ബാര്‍ കോഴ: ബിജു രമേശ് നല്‍കിയത് കൃത്രിമ ശബ്ദരേഖ

1
88


ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയുടെ ഫലം വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ ബാര്‍കോഴ കേസ് അന്വേഷണം പ്രതിസന്ധിയിലായി.

പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണു ബാര്‍കോഴക്കേസില്‍ ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്‍ കോഴക്കാര്യം പരാമര്‍ശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ചത്. സംഭാഷണങ്ങളടങ്ങിയ ഫോണ്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫോണ്‍ സംഭാഷണങ്ങളില്‍ എഡിറ്റു ചെയ്തിട്ടുണ്ടെന്നും ഇതു ആധികാരികമല്ലെന്നുമാണു പരിശോധനാഫലം.

ലാബിലെ പരിശോധനാഫലങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കേസില്‍ കൈവശമുള്ള തെളിവുകളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നു വിജിലന്‍സ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന കരുതിയിരുന്ന പരിശോധനാ റിപ്പോര്‍ട്ടില്‍കൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി വിജിലന്‍സ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷവും ബാര്‍കേസില്‍ തെളിവില്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 27ന് കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍.സുകേശന്റെ ഹര്‍ജി പരിഗണിച്ച് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here