മരണം മണക്കുന്ന ബ്ലൂവെയില്‍ ചലഞ്ച് ഗെയിം ഇന്ത്യയിലും എത്തി. റഷ്യയിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും നൂറുകണക്കിന് യുവതീ യുവാക്കളുടെ ജീവന് കവര്‍ന്ന ബ്ലൂ വെയില് ചലഞ്ച് മുംബൈയില്‍ ആണ് അപകടം വിതച്ചത്. ഓണ്‍ലൈന്‍ ആയി കളിക്കുന്ന ബ്ലൂ വെയില് ചലഞ്ച് ഗെയിമിന്റെ ഇന്ത്യയിലെ ആദ്യ ഇര മുംബൈ സ്വദേശി മന്‍പ്രീത് സിങ്ങാണ് . യൂറോപ്പില്‍ യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂ വെയില് ചലഞ്ച് ഗെയിമിന്റെ അപകടത്തെക്കുറിച്ച് 24 കേരള നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കിഴക്കന്‍ അന്ധേരിയിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 14 വയസുകാരനായ മന്‍പ്രീത് സിങ്ങ് മരിച്ചിരുന്നു. ദുരൂഹമായ ഈ മരണത്തിന് ബ്ലൂവെയ്ല്‍ ചലഞ്ചുമായി ബന്ധം ഉണ്ടെന്നാണ് പൊലീസ് നല്കുന്ന റിപ്പോര്‍ട്ട്. ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയാണ് മന്പ്രീതിന്റെത്. ആത്മഹത്യക്ക് മറ്റു കാരണങ്ങളൊന്നും മാതാപിതാക്കള്‍ക് അറിയില്ല. മൊബൈല്‍ ഫോണില്‍ നിന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ വരില്ലെന്ന് മന്‍പ്രീത് പറഞ്ഞിരുന്നെന്ന് സുഹൃത്തുക്കള്‍ അറിയിക്കുന്നു. എന്നാല്‍ അത് തമാശയായി കരുതി അവര്‍ അവഗണിക്കുകയായിരുന്നു. ബ്ലുവെയ്ല് ചലഞ്ച് ഗെയിം കളിക്കുന്ന കാര്യം സുഹൃത്തുക്കള്ക്കറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.
മന്‍പ്രീത് വീഡിയോ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലാസില്‍ നന്നായി പെരുമാറിയിരുന്ന മന്‍പ്രീത് മിടുക്കനായ വിദ്യാര്‍ഥിയുമായിരുന്നു. എന്നാല്‍ ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി കളിക്കുന്ന ഈ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിര്‍ബന്ധിപ്പിക്കുന്നതാണ്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി.
ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഈ ഗെയിം കളിക്കാന്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും നല്‍കണം. മെയിലുകള്‍ വഴി കളിക്കുന്നവരുമായി മാനസിക ബന്ധം ഉണ്ടാക്കി എടുക്കുന്ന അഡ്മിന് കളിയുടെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യണം.
ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്ത് ഗെയിമില്‍ വിജയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും അത് അവര്‍ അനുസരിക്കുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. റഷ്യയില്‍ മാത്രം ബ്ലൂ വെയില് എന്ന ഓണ്‍ലൈന്‍ ഗെയിമില്‍ അംഗമായ ശേഷം 130 പേരാണ് ആത്മഹത്യ ചെയ്തു എന്നാണ് ഔദ്യോഗിക കണക്കുകള്‍.പിന്നീട് സ്പെയിനിലേക്കും യു.കെയിലേക്കും നീങ്ങിയ ബ്ലൂ വെയില് ഗെയിം അവിടെയും അപകടം വിതച്ചു.റഷ്യയില്‍ യൂലിയ കോണ്സ്റ്റാറ്റിനോവ(15), വെറോണിക്ക വോല്ക്കോവ (16) എന്നി കുട്ടികള്‍ ജീവിതം അവസാനിപ്പിച്ചതോടെയാണ് ബ്ലൂ വെയില് ഗെയിം അധികാരികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അവര്‍ ഇരുവരും തിരഞ്ഞെടുത്ത വഴി വലിയ അപ്പാര്‍ട്മെന്റിന് മുകളില്‍ നിന്നും ചാടുക എന്നതായിരുന്നു. യൂലിയയും വെറോണിക്കയും മരിക്കുന്നതിന് മുന്‍പ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ‘എന്‍ഡ്’ എന്ന് നീല തിമിംഗലത്തിന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. റഷ്യയില്‍ നിന്നും ബ്ലൂ വെയില് യൂറോപ്പിലേക്ക് നീങ്ങി ഒരു തവണ രസത്തിന്റെ പുറത്ത് ഇതിന്റെ അകത്തു കടന്നാല്‍ ഒരിക്കലും അതിന്റെ നീരാളി പിടിത്തത്തില്‍ നിന്നും രക്ഷപെടാനാകില്ല എന്നാണ് സൈക്കോളജിസ്റ്റുകള്‍ നല്കുന്ന മുന്നറിയിപ്പ്.
എന്താണ് ബ്ലൂ വെയില് ഗെയിം?
കടലിലെ ഭീമനായ നീല തിമിംഗലത്തെ കുറിച്ച് നമുക്കെല്ലാമറിയാം. കപ്പലുകള്‍ അടക്കമുള്ളവയെ മറിച്ചിടാന്‍ കഴിയുന്ന കടലിലെ ഭീമാകാരനായ ജീവി. എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയിട്ടുപോലും പാവം നീല തിമിംഗലത്തിന്റെ പേരിനുള്ള കളങ്കം മാറിയില്ല. ബ്ലൂ വെയില്‍സ് എന്ന ഓണ്‍ലൈന്‍ ഗെയിമിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.എന്നാല്‍ കളി തീകളിയാണ്. ജീവിതത്തില്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുടെയും പ്രശ്നങ്ങളുടെയും അതുപോലെ തന്നെ വെല്ലു വിളികള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്ന പ്രായം എന്ന നിലക്കാകും കുട്ടികള്‍ ഇതില്‍ ചെന്ന് കാര്യം മനസിലാകാതെ ചെന്ന് തലവച്ച് ജീവന് കളയുന്നത്.
ബ്ലൂ വെയില് ഒരു ‘ആത്മഹത്യ കളി’ (suicide game)യാണ്. ഇതൊരു ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ആണ്. ഇത് മറ്റുള്ളവരെ ആത്മഹത്യാ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉപദേശങ്ങള്‍ നല്കുന്നു.ബ്ലൂ വെയില്‍സിന്റെ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍ ഓരോ ദിവസവും ചെയ്യാനുള്ള പലതരത്തിലുള്ള പ്രവര്‍ത്തികള്‍(ടാസ്ക്) നിങ്ങളെ അറിയിക്കും.അതില്‍ സ്വയം മുറിവേല്‍പ്പിക്കുന്നതടക്കമുള്ള പലതരത്തിലുള്ള കളികള്‍ ഉണ്ടാകും. ഹൊറര്‍ സിനിമ ചെറിയ ഡോസില്‍ ബ്ലൂ വെയില്‍സിന്റെ അംഗത്തിന് എത്തിക്കും, ക്രമേണ ഇത് കടുപ്പം കൂട്ടി നല്‍കും. ഇത് തുടരുമ്പോള്‍ ഉറക്കം നഷ്ട്ടപ്പെടുന്ന നിലയിലേക്ക് കാണികള്‍ എത്തും.അങനെ 50 ദിവസം കൊണ്ട് അയച്ച എല്ലാ വിവരങ്ങളും നശിപ്പിക്കുകയും അംഗം മരണത്തിന് സ്വയം കീഴടങ്ങുകയും ചെയ്യും- ഇതാണ് ബ്ലൂ വെയില്‍സ് ഒരു അംഗത്തിനെ മരണത്തിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന ഘട്ടങ്ങള്‍.