മുഖ്യമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം വിളിച്ചുവരുത്തിയ നടപടി അനുചിതമെന്ന് ലോകസഭയില്‍ കോണ്‍ഗ്രസ്; സഭയില്‍ ബഹളം

0
112


ന്യൂഡൽഹി: രാഷ്ട്രീയ അതിക്രമങ്ങളുടെ വിശദീകരണം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി. സദാശിവം വിളിച്ചുവരുത്തിയ നടപടി അനുചിതമെന്ന് ലോകസഭയില്‍ കോണ്‍ഗ്രസ്. ലോക്സഭയിലെ ചര്‍ച്ച വേളയില്‍ കേരളാ എംപി കെ.സി.വേണുഗോപാല്‍ ആണ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നും, തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് ശരിയായില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രം ശക്തമായ എതിര്‍പ്പാണ് വേണുഗോപാലിന്റെ പരാമര്‍ശത്തിന്നെതിരെ ഉയര്‍ത്തിയത്.
ഇത് സഭയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും, ഇത് സഭയില്‍ ഉന്നയിക്കേണ്ട വിഷയമല്ലെന്നും, കെ.സി.വേണുഗോപാലിന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചെയര്‍ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയോട് ആവശ്യപെട്ടു. ഇത് സഭയില്‍ ബഹളത്തിനു കാരണമാകുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നയുടന്‍ ആയിരുന്നു കേരളാ പ്രശ്നം വേണുഗോപാല്‍ സഭയില്‍ ഉന്നയിച്ചത്.

ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെടുകയും, ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെടുകയും ആ സംഘര്‍ഷം കേരളത്തില്‍ വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ പി.സദാശിവം കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനില്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here