ഇസ്രത് ജഹാന് കേസിന് പിന്നാലെ സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലും മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന് ഡി.ജി വന്‍സാരയെയും എം.എന്‍ ദിനേശിനെയും സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. ഇതോടെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം 15 ആയി.
ഗുജറാത്തിലെ എ.ടി.എസ് മേധാവിയായിരുന്ന വന്‍സാര 2004 ലെ ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയായിരുന്നു. രാജസ്ഥാനിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു എം.എന്‍ ദിനേശ്. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് പൊലീസ് ഉദ്യോഗസ്ഥരായ ഹിമാന്‍ഷു സിങ്, ശ്യാം സിങ് ചരണ്‍ എന്നിവര്‍ നല്കിയ ഹരജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ശൈഖിനെ ഉള്‍പ്പെടെ വെടിവെച്ച സംഘത്തിലുണ്ടായിരുന്ന രാജസ്ഥാന് പൊലീസ് സേനാംഗങ്ങളാണ് ഇവര്‍. കേസില്‍ 38 പ്രതികളാണ് ഉണ്ടായിരുന്നത്. കുറ്റവിമുക്തരാക്കണമെന്ന ചില പ്രതികളുടെ ഹരജി കോടതി പരിഗണിക്കാനുണ്ട്.
2005 നവംബറിലാണ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, തുള്‍സി പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനുള്ള തീവ്രവാദ സംഘത്തില്‍ പെട്ടയാള്‍ എന്നാരോപിച്ചാണ് സൊഹ്റാബുദ്ദീനെയും ഭാര്യയെയും തുള്‍സി പ്രജാപതിയെയും പൊലീസ് പിടിച്ചുകൊണ്ടുപോയത്. മൂന്നു ദിവസത്തിനു ശേഷമാണ് സൊഹ്റാബുദ്ദീനെ അഹമ്മദാബാദിലെ ഫാംഹീസില് വെച്ച് കൊലപ്പെടുത്തിയത്.