സ്വകാര്യത മൗലികാവകാശം അല്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ എതിര്‍ത്ത് കേരളം സുപ്രീംകോടതിയില്‍. ജീവിക്കാനുള്ള അവകാശം ജീവിതനിലവാരത്തിനുള്ള അവകാശം കൂടിയാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.
വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍, വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം എന്നിവയിലുള്ള സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും, ശരീരത്തിന്റെയും മനസ്സിന്റെയും ചിന്താഗതിയുടെയും സ്വകാര്യതയും പ്രധാനമാണെന്നും കേരളം വാദിച്ചു.
വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമല്ലാത്ത രാജ്യത്ത് ഇത്തരത്തിലുള്ള സ്വകാര്യതകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുന്നത് അപകടകരമാണെന്നും, ഇതിലൂടെ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കേരളം അഭിപ്രായപ്പെട്ടു.
സ്വകാര്യതയെപ്പറ്റി കഴിഞ്ഞ 50 വര്‍ഷങ്ങളായി സുപ്രീംകോടതി ഉണ്ടാക്കിയെടുത്ത കാഴ്ച്ചപ്പാടുകള്‍ നിലനിര്‍ത്തണം. സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികള്‍ പ്രത്യേകസാഹചര്യങ്ങളിലുള്ളതാണ്. മൂന്നംഗ ബഞ്ചുകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനമാണ് ഉചിതമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.