നിര്‍ണായക ഭരണഘടനാ പരിഷ്കാരത്തിനായി ദേശീയ ഭരണഘടനാ നിര്‍മാണസഭയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ജനം പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലക്കൊപ്പം നിന്നു. പ്രതിപക്ഷ പാര്‍ടികളുടെ ബഹിഷ്കരണാഹ്വാനത്തെയും അതിക്രമങ്ങളെയും അതിജീവിച്ച് എണ്‍പതുലക്ഷത്തിലധികം പേര് വോട്ടുചെയ്തു. 41.5 ശതമാനം പോളിങ് നടന്നതായി ദേശീയ തെരഞ്ഞെടുപ്പ് കൌണ്‍സില്‍ (സിഎന്‍ഇ) അറിയിച്ചു. 88 ശതമാനംപേരും വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന പ്രതിപക്ഷം അവകാശപ്പെട്ടിരുന്നത്. ‘വിപ്ളവത്തിനുള്ള ജനസമ്മതി’യാണ് ലഭിച്ചതെന്ന് നിക്കോളസ് മഡുറോ പ്രതികരിച്ചു.
ഭരണഘടനാ പരിഷ്കാരത്തിനായി 545 അംഗ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ളിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് ഞായറാഴ്ച വോട്ടെടുപ്പ് നടത്തിയത്. 1999ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തിലിരിക്കെ കൊണ്ടുവന്ന ഭരണഘടനയില്‍ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരാനാണിത്. എന്നാല്‍, തെരഞ്ഞെടുപ്പിനോട് പൂര്‍ണമായി നിസ്സഹകരിച്ച മുഖ്യപ്രതിപക്ഷപാര്ടികള് സ്ഥാനാര്‍ഥികളെ മത്സരിക്കാന്‍ അനുവദിച്ചില്ല. വോട്ടെടുപ്പു ദിവസം ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നായിരുന്നു ആഹ്വാനം. വോട്ടെടുപ്പുദിനത്തിലും പ്രതിപക്ഷം തെരുവില്‍ പൊലീസുമായി ഏറ്റുമുട്ടി രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നിട്ടും പ്രതിപക്ഷ ആഹ്വാനം തള്ളി ഇത്രയധികംപേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതുതന്നെ ഇടതുപക്ഷ സര്‍ക്കാരിനുള്ള ജനപിന്തുണ വ്യക്തമാക്കി.