എഴുപതിനായിരത്തോളം വീടുകൾ അടുത്ത വർഷം പൂർത്തിയാക്കും: മുഖ്യമന്ത്രി

0
97

വിവിധപദ്ധതികളിൽ നിർമാണം തുടങ്ങി പൂർത്തിയാക്കാനാവാത്ത എഴുപതിനായിരത്തോളം വീടുകൾ അടുത്ത മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹരായവർ പുറത്തുപോകാതിരിക്കാനും അനർഹർ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം. ‘ലൈഫി’ന്റെ തുടർപ്രവർത്തനവും ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷൻമാർക്കായി നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാണം തുടങ്ങി പൂർത്തിയാക്കാനാവാത്ത വീടുകളുടെ കാര്യത്തിൽ ഇനി സ്ഥലമോ, ഗുണഭോക്താവിനെയോ കണ്ടെത്തേണ്ട ആവശ്യമില്ല. പൂർത്തിയാക്കാൻ ആവശ്യമായ സഹായം ഉണ്ടായാൽ മതി. 2016 മാർച്ച് 31 ന് മുമ്പ് വിവിധ ഭവനപദ്ധതികളിൽ സഹായം ലഭിച്ച് വീടുപണി നിലച്ചുപോയവർക്ക് ഇത്തരത്തിൽ സഹായം നൽകി 2018 മാർച്ച് 31 ന് മുമ്പായി പൂർത്തിയാക്കാനാവും. ഇപ്പോഴത്തെ യൂനിറ്റ് കോസ്റ്റ്, ഏതു പദ്ധതിയിൽ തുടങ്ങിയതാണെങ്കിലും ഇന്നത്തെ നിലയിലുള്ള നിർമാണചെലവ് പ്രകാരം കണക്കാക്കും.

വിവിധ വകുപ്പുകൾ വീടുനിർമാണത്തിന് ചെലവാക്കുന്ന തുക ഒന്നായി സമാഹരിച്ച് വീട് നിർമിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്. ഗുണഭോക്തൃപട്ടിക അന്തിമഘട്ടമാകുന്നതോടെ ഉൾപ്പെട്ട എല്ലാവർക്കും വീട് ലഭിക്കുന്ന സാഹചര്യമുണ്ടാവും. ഏറ്റവും കൂടുതൽ ക്ലേശം അനുഭവിക്കുന്നവർക്കാണ് ആദ്യ പരിഗണന. കെട്ടിടസമുച്ചയമാണ് നിർമിക്കുന്നതെങ്കിൽ നിശ്ചിത സ്ഥലത്തുതന്നെ ഒരു കുടുംബത്തിന് നാന്നൂറ് ചതുരശ്രയടി സ്ഥലത്ത് താമസസൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. പരമ്പരാഗത വീട് നിർമാണശൈലിക്ക് പുറമേ, ആധുനികമായ പ്രീ-ഫാബ്രിക്കേഷൻ നിർമാണ സാധ്യതയും പരിശോധിക്കും.

വീടും ഭൂമിയും ഇല്ലാത്തവരുടെ കാര്യത്തിൽ ക്ലേശഘടകങ്ങൾ കണക്കാക്കിയാക്കും അർഹത നിശ്ചയിക്കുക. തൊഴിൽനൈപുണ്യവികസന സൗകര്യവും, പാവപ്പെട്ട കുട്ടികൾക്ക് പഠന നിലവാരം ഉയർത്താനുള്ള സഹായം നൽകാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. കുട്ടികൾക്ക് അങ്കണവാടി, പൊതുആരോഗ്യ, പാലിയേറ്റീവ് സൗകര്യങ്ങൾ, വൃദ്ധർക്കുള്ള സൗകര്യങ്ങൾ, യോഗങ്ങൾക്ക് ഹാൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കണം ഇത്തരം കെട്ടിട സമുച്ചയങ്ങൾ. പലയിടങ്ങളിലും സമുച്ചയങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താനുമുണ്ട്.

സർക്കാർ ആവശ്യമായ സൗകര്യങ്ങൾ ചെയ്യുന്നതിനൊപ്പം സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണവും തേടാവുന്നതാണ്. ഇക്കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ശ്രദ്ധയും നേതൃത്വവും ഇച്ഛാശക്തിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here