ഒന്നര വയസുകാരിയെ അമ്മയും കാമുകനും ചേർന്ന് മർദിക്കുകയും പൊള്ളലേൽപിച്ചതായും പരാതി

0
114

കൊച്ചി: ഒന്നര വയസുകാരിയെ അമ്മയും കാമുകനും ചേർന്ന്  ക്രൂരമായി മർദിക്കുകയും പൊള്ളലേൽപിച്ചതായും പരാതി. ഫോർട്ടുകൊച്ചി കുറ്റിക്കാട്ടിൽ അനൂപിന്റെ മകൾ മിൻഹ ഫാത്തിമയ്ക്കാണ് മർദനമേറ്റത്. ഭാര്യ സൈറ ഭാനുവും കോഴിക്കോട് സ്വദേശിയായ ജുനൈദും ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അനൂപ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഇടത് തോളെല്ല് പൊട്ടിയ കുട്ടിയുടെ ദേഹത്താകെ മർദിച്ചതിന്റെയും പൊള്ളലേൽപ്പിച്ച പാടുകളുമുണ്ട്. കീഴ്ചുണ്ട് മുറിഞ്ഞു. കാലുകൾ കയറിട്ട് മുറുകെ കെട്ടിയതിന്റെ കരിവാളിച്ച പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് വഴിയാണ് സൈറഭാനും ജുനൈദിനെ പരിചയപ്പെടുന്നത്. ജൂൺ 22ന് കുടുംബശ്രീയുടെ യോഗത്തിന് പോകുകയാണെന്ന വ്യാജേന കുഞ്ഞിനെയും കൊണ്ടു സൈറ ഭാനു വീടു വിട്ടിറങ്ങി. പള്ളുരുത്തിയിലെ സൈറാഭാനുവിന്റെ വീട്ടിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇരുവരെയും കാണാതായതിനെത്തുടർന്ന് അനൂപ് പള്ളുരുത്തി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൈറയും കുഞ്ഞും കോഴിക്കോടുണ്ടെന്ന് കണ്ടെത്തി. 23ന് ഇവരെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കി. ഈ സമയം കുട്ടിക്ക് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് അനൂപിന്റെ ബന്ധുക്കൾ പറഞ്ഞു. 24ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും സൈറയുടെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.

പിറ്റേദിവസം ജുനൈദ് സൈറയേയും കുട്ടിയേയും കൂട്ടി കോഴിക്കോടിന് പോയി. ഇരട്ടകളായ ആൺകുട്ടികളുള്ള അനൂപിന് പ്രായമായ അമ്മയുമൊത്താണ് താമസം. മിൻഹയെ മുലകുടി മാറിയിട്ട് തിരികെ കൊണ്ടുവന്നുകൊള്ളാമെന്ന് അറിയിച്ചുവെങ്കിലും  ആഗസ്്ത് ഒന്നിന് പുലർച്ചെ ഒന്നിന് കുട്ടിയെ സൈറയുടെ വീട്ടിലെത്തിച്ച് ഇരുവരും കോഴിക്കോടിന് തിരിച്ചു. വിവരമറിഞ്ഞ് പള്ളുരുത്തിയിലെത്തിയപ്പോഴാണ് കുട്ടിയെ ക്രൂരമായ മർദനത്തിന് വിധേയമാക്കിയതായി കണ്ടെത്തിയത്. തുടർന്ന് കരിവേലിപ്പടി ആശുപത്രിയിലും പിന്നീട് ഗവ. ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ തോളെല്ലിന് ഒടിവ് പറ്റിയതിന്റെ എക്‌സ്‌റേയിൽ ജൂലൈ 12ന് എന്ന് രേഖപ്പെടുത്തിയിട്ടുണ്. തുടർദിവസങ്ങളിലും കുട്ടിയെ മർദിച്ചിരിക്കാമെന്നാണ് അനൂപിന്റെ ബന്ധുക്കൾ പറയുന്നത്. കുട്ടിയുടെ ദേഹമാസകലം 13 കടിയേറ്റ പാടുകളുണ്ട്. പൊള്ളലേൽപ്പിച്ചതിന്റെയും അടിച്ചതിന്റെയും പാടുകൾ ഉണങ്ങിയ നിലയിലാണ്. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തു. പള്ളുരുത്തി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വനിത സെല്ലും മൊഴി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here