കാശ്മീര്‍ വിഷയത്തില്‍ ചൈനയോട് നന്ദി പറഞ്ഞു പാകിസ്ഥാന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കൂടാതെ എന്‍.എസ്.ജി, ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് എന്നിവയുടെ വിപുലീകരണത്തിലും ചൈനയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. റാവല്‍പിണ്ടിയിലെ ചൈനീസ് എംബസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകവെയാണ് അദ്ദേഹം നന്ദിയറിച്ചത്.
പരസ്പരമുള്ള വിശ്വാസം, ബഹുമാനം, ധാരണ, സഹകരണം എന്നിവയുടെ മേല്‍ കെട്ടിപ്പടുത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. കാലം ചെല്ലുംതോറും ബന്ധം അഭിവൃത്തി പ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ തന്ത്രപ്രധാനമായ സഖ്യരാജ്യങ്ങളാണ് പാകിസ്താനും ചൈനയെന്നും, ചൈനയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പാകിസ്താന് സൈന്യവും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇരു രാജ്യങ്ങളും സമാനമായ വെല്ലുവിളികളാണ് നേരിടുന്നതെന്നും പറഞ്ഞു. മേഖലയില്‍ സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.