കെ.സുധാകരന്‍റെ വലംകൈ റിജില്‍ മാക്കുട്ടി സി.പി.എമ്മിലേക്ക്

0
25817

മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി മൂസാന്‍കുട്ടി നടുവിലിന് പിന്നാലെ സിപിഎമ്മില്‍ എത്തുന്ന പ്രമുഖന്‍

കെ.സുധാകരന്‍റെ കണ്ണൂരിലെ വലംകൈ ആയിരുന്ന കെ.എസ്.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി സിപിഎമ്മിലേക്ക്. കശാപ്പിനുള്ള കാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കന്നുകുട്ടിയെ പരസ്യമായി അറുത്ത് കറിയാക്കി വിളമ്പിയ സംഭവത്തില്‍ റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ പ്രശ്നത്തോടെ പാര്‍ട്ടിയിലെ ഗോഡ് ഫാദര്‍ ആയ സുധാകരന്‍ കൂടി കൈവിട്ടതോടെ  സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്നേതൃത്വം തയാറായില്ല. ഇതേത്തുടര്‍ന്നാണ് റിജില്‍ സി.പി.എമ്മില്‍ ചേരാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം റിജില്‍ മാക്കുറ്റി തന്റെ ഫേസ്ബുക്കിലൂടെ ആര്‍ എസ് എസിനേയും സംഘപരിവാറിനേയും എതിര്‍ത്തതിന്റെ പേരില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നീതിപീഠത്തില്‍ നിന്നും നീതി കിട്ടുമോ എന്ന് ചോദിച്ചിരുന്നു. മാത്രമല്ല, കണ്ണൂരില്‍ ഡി സി സി ഓഫീസ് ആക്രമിച്ചതിനുപിന്നിലും റിജില്‍ മാക്കുറ്റിയും സംഘവുമാണെന്ന ആരോപണം കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സി പി എം റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

സസ്പെന്‍ഷനിലായശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിക്കുകയോ തനിക്കെതിരെയുള്ള നടപടി പിന്‍വലിക്കാനുള്ള നീക്കം നടത്തുകയോ ചെയ്തില്ലെന്ന് റിജില്‍ മാക്കുറ്റി പറയുന്നു. സി പി എമ്മിനു പുറമെ മുസ്ലീം ലീഗില്‍ നിന്നും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റിജില്‍ വ്യക്തമാക്കി.ദിവസങ്ങള്‍ക്കു മുന്‍പ്  മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി മൂസാന്‍കുട്ടി നടുവിലും സഹപ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ കിട്ടിയ മാന്യമായ പരിഗണന ആണ് റിജില്‍ അടക്കമുള്ളവരെ മരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തില്‍ ഒന്‍പതുപേരെ കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കശാപ്പുനടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തിലും വിവാദമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവത്തില്‍ അപലപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പരിപാടിയുടെ ഉദ്ഘാടകനായ റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും അധ്യക്ഷത വഹിച്ച ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, നേതൃത്വം നല്‍കിയ ഷറഫുദീന്‍ കാട്ടാന്പള്ളി എന്നിവരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here