പാകിസ്ഥാനെ നോക്കണ്ട, ഇന്ത്യക്ക് ജലവൈദ്യുതി പദ്ധതികള്‍ നിര്‍മിക്കാമെന്ന് ലോകബാങ്ക്

0
90

പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഝലം, ചെനാബ് നദികളില്‍ ജലവൈദ്യുതി പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ഹേഗ് രാജ്യാന്തര കോടതിക്ക് പിന്നാലെ ലോകബാങ്കിന്റെയും അനുമതി. 56 വര്‍ഷം പഴക്കമുള്ള സിന്ധു നദീജല വിനിയോഗ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു ലോകബാങ്കിന്റെ തീരുമാനം.

നേരത്തെ 2010ല്‍ ഝലം നദീതടത്തില്‍ ഇന്ത്യ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു കോടതിവിധി. കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടും റാറ്റിലില്‍ 850 മെഗാവാട്ടും ഉല്‍പാദിപ്പിക്കാവുന്ന ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. രണ്ട് പദ്ധതികളുടെയും സാങ്കേതിക രൂപകല്‍പ്പനയെച്ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടലിലാണ്.’ഝലം, ചെനാബ് നദികളില്‍ മറ്റ് ഉപയോഗങ്ങള്‍ക്കൊപ്പം ജലവൈദ്യുത പദ്ധതികള്‍ക്കാവശ്യമായ നിര്‍മ്മാണം നടത്താനും ഇന്ത്യയ്ക്ക് അനുമതിയുണ്ട്. സിന്ധു നദീജല വിനിയോഗ കരാറിലെ സാങ്കേതിക പ്രശ്‌നങ്ങളില്‍ ഈയാഴ്ച ചര്‍ച്ച നടത്തും. സൗമനസ്യത്തോടെയും പരസ്പര സഹകരണത്തോടെയും ആയിരിക്കും ചര്‍ച്ച’- ലോക ബാങ്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സിന്ധു നദീ ജലവിനിയോഗ കരാറില്‍നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായപ്പോഴാണു പാക്കിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ജലം പങ്കുവയ്ക്കലിനു മധ്യസ്ഥത വഹിച്ചതു ലോകബാങ്കാണ്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതു യുദ്ധപ്രഖ്യാപനമായി കണക്കാക്കേണ്ടിവരുമെന്നായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നീട് ഇന്ത്യ നിലപാട് മാറ്റി. കരാറില്‍നിന്നു പിന്‍മാറുന്നതിനു പകരം, കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രക്തവും വെള്ളവും ഒരേസമയം ഒഴുക്കാനാവില്ലെന്നും മോദി വ്യക്തമാക്കി.കരാറിന്റെ ഭാഗമായ നദികളിലെ ജലം കൂടുതലായി ശേഖരിക്കുന്നതിനും ജലവൈദ്യുത പദ്ധതികള്‍ ഊര്‍ജിതമാക്കുന്നതിനും നടപടിയെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സത്ലജ്, രവി, ബിയാസ് നദികളിലെ വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും പാക്കിസ്ഥാനിലേക്കു ഒഴുകി പാഴാകുന്നതു തടയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here