പെന്‍ഷനും തിരിച്ചറിയല്‍ രേഖയും ഇനിമുതല്‍ ഭിന്നലിംഗക്കാര്‍ക്കും

0
80

ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷനും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്ന് ശുപാര്‍ശ. കേരളത്തിലെ ഭിന്നലിംഗക്കാരുടെ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ പ്രസിദ്ധീകരിച്ചത്. തിരിച്ചറിയല്‍ രേഖ, പെന്‍ഷന്‍ ആവിഷ്‌കരിക്കണം, 377ആം വകുപ്പ് ഭേദഗതി, എല്‍.ജി.ബി.റ്റി ബില്‍/നിയമം നടപ്പാക്കല്‍, ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തിക്കൊടുക്കല്‍ തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലള്ളത്.

സാക്ഷരതാ മിഷന്റെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പരിപാടിക്കായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോ.ഷാലിന്‍ വര്‍ഗീസ്, എസ്.ശ്യാമ, പി.കെ പ്രജിത്ത്, കെ.കെ അഖില്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭിന്നലൈംഗികത അപരവ്യക്തിത്വമല്ലെന്നും എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്ന ജൈവികമായ സാധാരണത്വമാണെന്നുമുള്ള ധാരണ കേരളത്തിലുണ്ടാകണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.

വിദ്യാഭ്യാസം, കൗണ്‍സിലിങ് മേഖലകളിലെ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കണം, എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അവബോധം നല്‍കണം, അതിക്രമങ്ങളില്‍ കാലതാമസമില്ലാത്ത നടപടിയുണ്ടാകണം, പൊതുഇടങ്ങളില്‍ തുല്യപങ്കാളിത്തം ഉറപ്പാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും കൊഴിഞ്ഞുപോക്കിനും പരിഹാരമുണ്ടാക്കണം, എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്ക് സജ്ജമാക്കണം, പി.എസ്.സിയില്‍ സ്വന്തം ഐഡന്റിറ്റിയില്‍ അപേക്ഷിക്കാനും ജോലി നേടാനും അവസരമുണ്ടാക്കണം, പോലീസ് -ആരോഗ്യപ്രവര്‍ത്തകര്‍ -മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണം, ട്രാന്‍സ്‌ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കണം, എല്ലാ ജില്ലകളിലും നിയമസഹായ വേദി രൂപീകരിക്കണം, ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കി മലയാള പരിഭാഷ ലഭ്യമാക്കണം, സര്‍ക്കാറിന്റെ ക്ഷേമപദ്ധതിയില്‍ മുന്‍ഗണനാ പ്രാതിനിധ്യം നല്‍കണം, സുപ്രീംകോടതി ഉത്തരവില്‍ പറയുന്ന ഒ.ബി.സി സംവരണം ഉറപ്പാക്കണം, കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് കുടുംബസ്വത്തില്‍ അര്‍ഹമായ അവകാശം ഉറപ്പാക്കണം, മറ്റ് ലിംഗ -ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കണം, യോഗ്യതയുള്ളവരെ തുടര്‍വിദ്യാഭ്യാസ പദ്ധതി കോഴ്‌സുകല്‍ അദ്ധ്യാപകരായി നിയമിക്കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

തുടര്‍വിദ്യാഭ്യാസത്തിനുള്ളതെല്ലാം സാക്ഷരതാ മിഷന്‍ ചെയ്യുമ്പോഴും മറ്റ് വകുപ്പുകളുടെ ഏകോപനത്തോടെ തുടര്‍പ്രവര്‍ത്തനം ഏകോപിപ്പിച്ചാലേ സുരക്ഷിതമായ ജീവിതം ഒരു പരിധി വരെയെങ്കിലും സാദ്ധ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 25,000 വിവിധ ഭിന്നലിംഗ വിഭാഗങ്ങളില്‍പ്പെട്ടവരാണുള്ളത്. തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള 918 വ്യക്തികളാണ് സര്‍വേയുടെ ഭാഗമായത്. ഇന്നുവൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡംഗം സൂര്യ അഭിലാഷിന് നല്‍കി റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.പ്പാര്‍ട്ട് പ്രകാശനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here