പ്രണയ മഴയായി കയറിവന്ന ക്ലാരയ്ക്കും ജയകൃഷ്‌ണനും മുപ്പതുവയസ്

0
2081

അധ്യാപികയും വിദ്യാര്‍ഥിയുമായുള്ള പ്രണയകഥ പറഞ്ഞ പ്രേമം തീയറ്റര്‍ നിറഞ്ഞു ഓടിയപ്പോള്‍ എല്ലാവരും തിരഞ്ഞത് മലര്‍ മിസ്‌ ക്ലാരയേക്കാള്‍ മികച്ചതായോ എന്നാണ് ..പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ഭാഷയുമായി മമ്മൂട്ടി വെള്ളിത്തിര കീഴടക്കിയപ്പോള്‍ ഭാഷാ പ്രയോഗത്തില്‍ തുലനം ചെയ്യാന്‍ ആളുകള്‍ തിരഞ്ഞത് മണ്ണാര്‍ത്തൊടി ജയകൃഷ്ണനെയും..തിരയില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മഴയായും,പ്രണയമായുമെല്ലാം മലയാളി മനസ്സില്‍ നിറയുന്ന, പുതു തലമുറ ചിത്രങ്ങളുമായി ഇന്നും പലതിലും മാറ്റുരയ്ക്കപ്പെടുന്ന തൂവാനത്തുമ്പികള്‍ പിറന്നിട്ടു മുപ്പതാണ്ട്..

by സഞ്ജന ബിജി

മലയാള സിനിമാ ആരാധകരുടെ മനസിലേക്ക് പ്രണയ സങ്കല്‍പ്പമായി ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷണനും പടര്‍ന്നു കയറിയ പദ്മരാജന്‍ ക്ലാസിക് ചിത്രം തൂവാനത്തുമ്പികള്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് മൂന്നു പതിറ്റാണ്ടുകള്‍ തികഞ്ഞു.ഒരു നാരങ്ങാ വെള്ളം കാച്ചിയാലോ ? ഡേവിഡേട്ടാ കിംഗ്‌ ഫിഷറിണ്ടാ ചില്‍ഡ് ? തുടങ്ങി മലയാളികള്‍ ബാര്‍ റൂമുകളിലും യുവതലമുറ അല്ലാതെയും ഒക്കെ പ്രയോഗിക്കുന്ന മോഹന്‍ലാലിന്റെ തൃശൂര്‍ സ്ലാങ്ങില്‍ ഉള്ള മാസ്മാരീക ഡയലോഗുകള്‍  സജീവമായി നില്‍ക്കുമ്പോഴാണ് മുപ്പത് വര്‍ഷം പഴക്കമുള്ള ഒരു ചിത്രം എന്ന തോന്നല്‍ ഉളവാക്കാതെ തൂവാനത്തുമ്പികള്‍ ഇന്നും യൌവനയുക്തമായി നിലകൊള്ളുന്നത്. സുമലത അവതരിപ്പിച്ച ക്ലാരയിലെ നായികാ സങ്കല്‍പ്പത്തെ മഴയുമായി ഇഴ പിരിയാന്‍ കഴിയാത്ത വിധം ചേര്‍ത്തുവരച്ച പദ്മരാജന്‍ മഴ കാണുമ്പോള്‍ എല്ലാം പ്രണയിനിയായ ക്ലാരയെ ഓര്‍ക്കുന്ന, പ്രണയാര്‍ദ്രമായമാനസീക തലത്തിലേക്ക് ഉയരുന്ന  തരത്തിലേക്ക് മലയാളിയുടെ പ്രണയ സങ്കല്‍പ്പത്തെ മാറ്റി വരച്ച സിനിമയാണ് തൂവാനത്തുമ്പികള്‍.

ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും മനസ്സും ശരീരവും കൈമാറിയ ആ പ്രണയത്തിനിടെ ക്ലാര പറയുന്നുണ്ട് ‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’. ഒന്നാകാന്‍ ഒരായിരം വഴികളുണ്ടായിട്ടും വേര്‍പിരിയലിലായിരുന്നു തൂവാനതുമ്പികളിലെ പ്രണയത്തിന് സൗന്ദര്യം. ഇതിനിടെയെത്തുന്ന രാധ(പാര്‍വ്വതി). ക്ലാര പറഞ്ഞതു പോലെ മോഹിച്ചയാളുടേതാകാന്‍ ഭാഗ്യം ലഭിച്ച രാധ. ഒന്നും മറച്ചു വെയ്ക്കാതെയാണ് രാധയെ ജയകൃഷ്ണന്‍ സ്വന്തമാക്കുന്നത്. ഏതു സാഹചര്യത്തിലും ജയകൃഷ്ണനൊപ്പം നില്‍ക്കുന്ന രാധയും യഥാര്‍ത്ഥ പ്രണയത്തിന്റെ മുഖമായി. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലേക്ക് കൂവി വിളിച്ചു എത്തുന്ന ട്രെയിനില്‍ നിന്നും ഓഫ്‌ വൈറ്റ് പട്ടുസാരിയും ചുവന്ന വട്ട പൊട്ടുമായി ഇറങ്ങുന്ന ക്ലാര അതുവരെ കണ്ടുശീലിച്ച ക്ലാര അല്ല. ഭ്രാന്തന്റെ രോദനം കേട്ട് പിരിഞ്ഞ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ എന്ത് കൊണ്ട് വിവാഹിതയായി എന്നതിന് ക്ലാര കൊടുക്കുന്ന ഉത്തരം പോലും ന്യായയുക്തമാണ്. ജയകൃഷ്ണന്റെ ജീവിതം തകരാതെ ഇരിക്കാന്‍..അതുവരെ സമൃദ്ധമായി പ്രണയമായി സ്ക്രീനില്‍ നിറഞ്ഞ മഴ ക്ലാരയുടെയും ജയകൃഷ്ണന്റെയും  അവസാന സമാഗമത്തില്‍   ഇല്ലയെന്നത് പത്മരാജന്‍ മാജിക്. ചിലര്‍ക്ക് പ്രണയവും ചിലര്‍ക്ക് പ്രണയ നൈരാശ്യവും മറ്റു ചിലര്‍ക്ക് യൗവനത്തിന്റെ ആഘോഷവും ..അങ്ങനെ ഓരോ കോണില്‍ നിന്നും നോക്കുമ്പോള്‍ ഓരോ മുഖമാണ് ദ്വന്ദ വ്യക്തിത്വവുമായി വികാസം പ്രാപിക്കുന്ന ജയകൃഷ്ണന്റെ ഈ കഥ..

മലയാളി എത്ര മറക്കാന്‍ശ്രമിച്ചാലും ,വേര്‍പിരിയാന്‍  കഴിയാത്തത്ര ആത്മബന്ധമാണ് മലയാളി പ്രേക്ഷകര്‍ക്ക് ജയകൃഷ്ണനോടും ക്ലാരയോടുമുള്ളത്.അധ്യാപികയും വിദ്യാര്‍ഥിയുമായുള്ള പ്രണയകഥ പറഞ്ഞ പ്രേമം തീയറ്റര്‍ നിറഞ്ഞു ഓടിയപ്പോള്‍ എല്ലാവരും തിരഞ്ഞത് മലര്‍ മിസ്‌ ക്ലാരയേക്കാള്‍ മികച്ചതായോ എന്നാണ് ..പ്രാഞ്ചിയേട്ടനില്‍ തൃശൂര്‍ ഭാഷയുമായി മമ്മൂട്ടി വെള്ളിത്തിര കീഴടക്കിയപ്പോള്‍ ഭാഷാ പ്രയോഗത്തില്‍ തുലനം ചെയ്യാന്‍ ആളുകള്‍ തിരഞ്ഞത് മണ്ണാര്‍ത്തൊടി ജയകൃഷ്ണനെയും..മഴ നനഞ്ഞു ഫ്രെയിമിലേക്ക് കാല്‍ വെച്ച് കയറുന്ന നായികയെ ക്ലാരയുടെ അതേ രൂപത്തിലും പശ്ചാത്തല സംഗീതത്തിലൂടെയും ന്യൂജെന്‍ സിനിമാക്കാര്‍ വരെ പകര്‍ത്തി .ഓരോ തവണയും കാണുമ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്മരാജന്‍ മാജിക്ക് 1987 ജൂലൈ 31 നാണ് റിലീസ് ചെയ്തത്. ജയകൃഷ്ണനായി സാക്ഷാല്‍ മോഹന്‍ലാലും ക്ലാരയായി സുമലതയും തകര്‍ത്തഭിനയിച്ച തൂവാനത്തുമ്പികള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പത്മരാജനാണ്.കാരിക്കകത്ത് ഉണ്ണിമേനോന്‍ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്ലാര എന്ന കഥാപാത്രത്തെ ഉണ്ണിമേനോന്റെ ജീവിതത്തില്‍ പത്മരാജന്‍ കൂട്ടിച്ചേര്‍ത്തു.

പത്മരാജന്‍ അദ്ദേഹത്തിന്റെ തന്നെ നോവല്‍ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചത്. ഉദകപ്പോളയില്‍ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രമായി ഇതില്‍ പത്മരാജന്‍ സംയോജിപ്പിച്ചിരിക്കുന്നു.ഗ്രാമത്തില്‍ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിന്‍പുറത്തുകാരനായും പട്ടണത്തില്‍ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണന്‍ ജീവിക്കുന്ന ജയകൃഷ്ണന്‍ മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരേടാണ്..ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യമനസ്സിന് ഒന്നില്‍ കൂടുതല്‍ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നു.

ജഗതി ശ്രീകുമാര്‍,അശോകന്‍, പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിരയില്‍ ജന്മം കൊണ്ട ഈ ചിത്രം മലയാളിക്കെന്നും ഒരു ക്ലാസിക്കല്‍ ഹിറ്റ് തന്നെയാണ്. ചിത്രം നിര്‍മ്മിച്ചത് സിതാര പിക്ചേഴ്സിന്റ്‌റെ ബാനറില്‍ പി.സ്റ്റാന്‍ലിയാണ്. ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി ..മേഘം പൂത്തു തുടങ്ങി .. ഇന്നും ചുണ്ടില്‍ തത്തി കളിക്കുന്ന ഈ ചിത്രത്തിലെ മനോഹരമായ സംഗീതത്തിന് ജീവന്‍കൊടുത്തത് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ്. ഇന്നും മൊബൈല്‍ റിംഗ് ടോണായി യുവാക്കളുടെ മനസിലൂടെ പറക്കുന്ന പശ്ചാത്തലസംഗീതം ജോണ്‍സണ്‍ മാഷുമാണ് നിര്‍വഹിച്ചത് .അജയന്‍ വിന്‍സെന്റിന്റെ ക്യാമറക്ക് എഡിറ്റിംഗ് നിര്‍വ്വഹിച്ചത് ബി.ലെനിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here