ഭീകരന്റെ മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്താനോട് കശ്മീര്‍

0
74

ലഷ്‌കര്‍ ഭീകരന്റെ മൃതദേഹം ഏറ്റെടുക്കണമെന്ന് പാകിസ്താനോട് കശ്മീര്‍ പോലീസ്. കശ്മീരില്‍ സുരക്ഷ സൈനികര്‍ വധിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയെ മൃതദേഹം ഏറ്റെടുക്കണമെന്ന് ജമ്മു കശ്മീര്‍ പോലീസ് പാകിസ്താന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതാദ്യമായാണ് കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൊല്ലപ്പെടുന്ന ഒരു പാക് പൗരന്റെ മതൃദേഹം ഏറ്റെടുക്കണമെന്ന് പാക് ഹൈക്കമ്മീഷണറോട് ആവശ്യപ്പെടുന്നത്. ദുജാനയുടെ മൃതദേഹം മാതാപിതാക്കള്‍ക്ക് കാണണം എന്ന ആഗ്രഹമുള്ളതിനാലാണ് ഇക്കാര്യത്തില്‍ പാക് ഹൈക്കമീഷണറെ സമീപിച്ചതെന്ന് കശ്മീര്‍ ഐജി മുനീര്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ മൃതദേഹം ഏറ്റെടുത്തില്ലെങ്കില്‍ അത് മറവുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദുജാനയുടെ മൃതദേഹം പൊതുജനങ്ങള്‍ക്കോ ദുജാനയുമായി ബന്ധമില്ലാത്ത കശ്മീര്‍ താഴ്‌വരയിലുള്ള ജനങ്ങള്‍ക്കോ കൈമാറില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ദുജാനയ്‌ക്കൊപ്പം സൈന്യം വധിച്ച പുല്‍വാമയിലിലെ ലാലിഹാര്‍ ഗ്രാമത്തിലുള്ള ആരിഫ് ലാലിഹാരിയുടെ ശവസംസ്‌കാരചടങ്ങില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചേ നടന്ന ഏറ്റുമുട്ടലിലാണ് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയെയും ആരിഫ് ലാലിഹാരിയെയും സുരക്ഷാ സേന വധിച്ചത്. ഭീകരരുടെ സാന്നിധ്യം ഹക്രിപ്പോര ഗ്രാമത്തില്‍ ഉണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.

കശ്മീരിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പാകിസ്താന്‍കാരനായ ദുജാനയായിരുന്നു. പോലീസ് ഇയാളുടെ തലയ്ക്ക് പത്തു ലക്ഷം രൂപയായിരുന്നു വിലയിട്ടത്. എന്നാല്‍ സമീപകാലത്തെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു ദുജാനയുടെ വധം.

LEAVE A REPLY

Please enter your comment!
Please enter your name here