മഅദനിയുടെ യാത്രാചിലവ്; പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

0
99

അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രാചിലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള പിഡിപി നേതാക്കളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ മഅദനി വിഷയത്തില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിക്കുന്നതെന്നും, സര്‍ക്കാരിന് ധാര്‍ഷ്ട്യ മനോഭാവമാണെന്നും പൂന്തുറ സിറാജ് പറഞ്ഞു.

മകന്റെ വിവാഹത്തിനും മാതാവിനെ കാണുന്നതിനടക്കം 14 ദിവസത്തേക്കാണ് മഅദനിക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാല്‍ 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

മഅദനിയുടെ സുരക്ഷയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തുക. ഇതില്‍ 18 ശതമാനം ജി.എസ്.ടി.തുകയായ 2,25,743 രൂപ ഉള്‍പ്പെടും. എ.സി.പി. അടക്കം 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തേക്കുള്ള ചെലവാണ് കണക്കാക്കിയത്.

രണ്ട് എ.സി.പി.മാര്‍ക്ക് ഒരു ദിവസത്തേക്കുള്ള ചെലവ് 8472 രൂപയാണ്. കോണ്‍സ്റ്റബിളിനും ഡ്രൈവര്‍ക്കും ദിവസച്ചെലവായി കണക്കാക്കിയത് 4044 രൂപയാണ്. എന്നാല്‍ മഅദനിയുടെ അഭിഭാഷകന്‍ ടി. ഉസ്മാന്‍ പോലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ മാറ്റംവരുത്താന്‍ തയ്യാറായില്ല. പണം സര്‍ക്കാരിലേക്ക് കെട്ടിവെച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍, ഭീമമായ തുക കെട്ടിവെച്ച് നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് മഅദനിയുടെ കുടുംബാംഗങ്ങള്‍. കേരളത്തിലേക്കുള്ള യാത്ര, സുരക്ഷാ ചെലവുകള്‍ എന്നിവ മഅദനി വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പോലീസിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here