മദനിക്ക് കേരളം സുരക്ഷ ഒരുക്കും: മുഖ്യമന്ത്രി

0
127


സുപ്രീംകോടതി അനുവദിച്ചതുപ്രകാരം മകൻറെ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ കർണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനൽകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ മുഖ്യംന്ത്രി ആവശ്യപ്പെട്ടു.

ബംഗ്‌ളൂരു ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന മദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദർശിക്കാൻ എൻ.ഐ.എ കോടതി അനുമതി നൽകിയിരുന്നു. ആഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുപ്രീംകോടതിയും അനുമതി നൽകി. എന്നാൽ മാനുഷിക പരിഗണനയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് ഇതു സംബന്ധിച്ച് കർണാടക പൊലീസ് ഏർപ്പെടുത്തിയത്. മദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കർണാടക പൊലീസിന് 14.29 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. മദനി കേരളം സന്ദർശിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയിക്കണം. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2013-നും 2016-നും ഇടയ്ക്ക് മൂന്നു തവണ മഅ്ദനി വിചാരണത്തടവുകാരനായി കേരളം സന്ദർശിച്ചിരുന്നു. ആദ്യ രണ്ടു തവണയും മഅ്ദനിയിൽനിന്നും പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോൾ ചോദിക്കുന്ന തുക വളരെ കൂടിയതും മദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണെന്ന് പിണറായി പറഞ്ഞു.

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്ന സാഹചര്യത്തിൽ കർണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാൽ ബംഗ്‌ളൂരു പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ട തുക കുറച്ചു നൽകണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദർശിക്കാനും മകൻറെ വിവാഹത്തിൽ പങ്കെടുക്കാനും അവസരം നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here