വിജിലന്‍സിനെ തൊടാന്‍ മടിച്ച് കേരളാ സര്‍ക്കാര്‍

0
212

പോലീസില്‍ വന്‍ അഴിച്ചുപണി നടത്തിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ വരാത്തതിനു പിന്നില്‍
കേസുകള്‍ അട്ടിമറി ക്കാനുള്ള ശ്രമം

by മനോജ്‌

കേരളാ പോലീസ് സംവിധാനം അടിമുടി അഴിച്ചു പണിതിട്ടും വിജിലന്‍സിനെ തൊടാന്‍ മടിച്ച് കേരളാ സര്‍ക്കാര്‍. നിലവില്‍ വിജിലന്‍സ് തലപ്പത്ത് ഡിജിപിമാരാണ് നിയമിക്കപ്പെടുന്നത്. നാല് ഡിജിപിമാര്‍ കേന്ദ്ര തലത്തിലും, നാല് ഡിജിപിമാര്‍ കേരളാ തലത്തിലും ഉണ്ടായിട്ടും, അങ്ങിനെ എട്ടു ഡിജിപിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടും സംസ്ഥാന പോലീസ് മേധാവിയായ ലോകനാഥ് ബെഹ്റയെ സര്‍ക്കാര്‍ വിജിലന്‍സ് തലപ്പത്ത് നിന്നും മാറ്റാത്തത് എന്നാണു ചോദ്യം ഉയരുന്നത്. അതിനുള്ള ഉത്തരം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിജിലന്‍സിനെ സര്‍ക്കാര്‍ ഭയപ്പെടുന്നു. ലോക്നാഥ് ബഹ്റയെ വിജിലന്‍സ് ഡയരക്ടര്‍ ആയി വെച്ചു കൊണ്ട് തന്നെ സര്‍ക്കാരിനു താത്പര്യമുള്ള കേസുകള്‍ ഒതുക്കേണ്ടതുണ്ട്. ഇതാണ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും ബെഹ്റയെ സര്‍ക്കാര്‍ മാറ്റാത്തത്. അല്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവിയായി ബെഹ്റയെ മാറ്റുമ്പോള്‍ തന്നെ സര്‍ക്കാര്‍ വിജിലന്‍സ് തലപ്പത്ത് ഇഷ്ടക്കാരനെ കൊണ്ട് വെച്ചേനെ. പക്ഷെ ഇഷ്ടക്കാരന്‍ ആയിരുന്ന വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെ മാറ്റിയിട്ടും സര്‍ക്കാര്‍ വിജിലന്‍സ് തലപ്പത്ത് ഇതുവരെ ആളെ വെച്ചില്ല. കേരളത്തില്‍ ഉണ്ടായിട്ടും ഒരാളെപ്പോലും വിജിലന്‍സ് തലപ്പത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതേയില്ല. വിജിലന്‍സ് തലപ്പത്ത് ഡിജിപി കേഡര്‍ ഉള്ള ആളെ പരിഗണിക്കുന്നതാണ് നിലവിലെ രീതി. അങ്ങിനെയെങ്കില്‍ കേരളത്തിലെ സ്ഥിതി നോക്കാം. രണ്ടു കേഡര്‍ പോസ്റ്റും രണ്ടു എക്സ് കേഡര്‍ പോസ്റ്റുമാണ് നിലവില്‍ കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ലോകനാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ്‌, എന്‍.സി.അസ്താന, എന്നിവരാണ് കേന്ദ്രം അംഗീകരിച്ച നാലുപേര്‍. ഒരാള്‍ കൂടിയുണ്ട്. അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍ ) അദ്ദേഹം നിലവില്‍ കേരളത്തില്‍ ഇല്ല. ഇതില്‍ എന്‍.സി.അസ്താന വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഡല്‍ഹിയിലാണ് ഉള്ളത്. എഡിജിപിമാര്‍ ആയിട്ടും ഡിജിപിയുടെ ഗ്രേഡ് അനുവദിച്ച് സര്‍ക്കാര്‍ നാല് ഓഫിസര്‍മാരെ ഡിജിപി തലത്തില്‍ പരിഗണിക്കുന്നുണ്ട്. എ.ഹേമചന്ദ്രന്‍, മുഹമ്മദ്‌ യാസിന്‍, ശങ്കര്‍ റെഡ്ഡി, രാജേഷ്‌ ദിവാന്‍ എന്നിവരാണ് ഈ നാല് ഓഫിസര്‍മാര്‍. സ്റ്റേറ്റ് കേഡര്‍ തലത്തില്‍ ഡിജിപി പരിഗണനയാണ് ഇവര്‍ക്ക് നല്‍കുന്നതെങ്കിലും ഡിജിപി ഗ്രേഡ് നല്‍കിയിട്ടില്ല. ജയില്‍, ഫയര്‍ഫോഴ്സ് എന്നിവയില്‍ എക്സ്കേഡര്‍ ആയ ആളുകളെ നിയമിക്കാറുണ്ട്‌. പക്ഷെ വിജിലന്‍സില്‍ ഡിജിപിമാര്‍ തന്നെയാണ് തലപ്പത്ത് നിയമിക്കപ്പെടുക പതിവ്. അങ്ങിനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള നാല് ഡിജിപിമാരും, കേരളം പരിഗണന നല്‍കുന്ന നാല് ഡിജിപിമാരും ഉണ്ടായിരിക്കെയാണ് വിജിലന്‍സ് തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നത്. ജേക്കബ് തോമസ്‌ വിജിലന്‍സ് ഡിജിപിയായി ഇരുന്ന, കഴിഞ്ഞ കാലത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഹൈക്കോടതി വിജിലന്‍സിനെതിരെ ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ വരെ ചോദ്യം ചെയ്യാനുള്ള അതോറിറ്റിയായി വിജിലന്‍സ് മാറിയോ എന്നാണു ഹൈക്കോടതി ഒരവസരത്തില്‍ ചോദിച്ചത്. ഹൈക്കോടതിയില്‍ നിന്നുള്ള നിരന്തര വിമര്‍ശനങ്ങള്‍ സഹിക്കാന്‍ കഴിയാതെയാണ് വിജിലന്‍സ് തലപ്പത്ത് ഇരിക്കെ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവധി ചോദിച്ച് വാങ്ങിയതും, ജേക്കബ് തോമസിനെ നിര്‍ബന്ധിത് അവധിയില്‍ അയച്ചതും. സര്‍ക്കാര്‍ ലീവ് എടുക്കാന്‍ പറഞ്ഞതിനാല്‍ ലീവ് എടുക്കുന്നു എന്നാണു ജേക്കബ് തോമസ്‌ പ്രതികരിച്ചത്. അപ്പോഴേക്കും സുപ്രീം കോടതി ഉത്തരവുമായി സംസ്ഥാന പോലീസ് മേധാവിതലപ്പത്ത് സെന്‍കുമാര്‍ അവരോധിതനായിരുന്നു. നില്ക്കക്കള്ളിയില്ലാതെ ഇപ്പോഴത്തെ ഡിജിപി ലോകനാഥ് ബെഹ്രയെ വിജിലന്‍സ് തലപ്പത്ത് തന്നെ മുഖ്യമന്ത്രി വീണ്ടും പ്രതിഷ്ടിച്ചു. ലോക്നാഥ് ബഹ്റയുടെ സ്ഥാനാരോഹണം ടിവിയില്‍ കണ്ട ജേക്കബ് തോമസ്‌ ഇങ്ങിനെയാണ്‌ പ്രതികരിച്ചത്. എന്റെ കസേരയില്‍ ആരോ കയറി ഇരിക്കുന്നത് കണ്ടു. ഈ പ്രതികരണം ജേക്കബ് തോമസില്‍ നിന്നും വന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. കാരണം അപ്പോഴും, ഇപ്പോഴും വിജിലന്‍സ് തലപ്പത്ത് നിന്ന് ജേക്കബ് തോമസിനെ ഔദ്യോഗികമായി മാറ്റിയോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്. കാരണം തന്നെ വിജിലന്‍സ് തലപ്പത്ത് നിന്ന് മാറ്റിയതായ ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല എന്നാണു ജെക്കബ് തോമസ്‌ പ്രതികരിക്കുന്നത്. സെന്‍കുമാര്‍ സുപ്രീം കോടതി അനുവദിച്ച രണ്ടു മാസ കാലാവധി കഴിഞ്ഞപ്പോള്‍ വിരമിക്കുകയും അന്നത്തെ വിജിലന്‍സ് മേധാവിയായിരുന്ന ലോക്നാഥ് ബഹ്റ വീണ്ടും ഡിജിപി ആവുകയും ചെയ്തു. അപ്പോള്‍ മുതല്‍ വിജിലന്‍സ് ഡയറക്ടര്‍ പദവി വീണ്ടും ഒഴിഞ്ഞു കിടക്കുകയാണ്. ലോക്നാഥ് ബഹ്റ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും പോയ ശേഷം രണ്ടു എഡിജിപിമാരാണ് വിജിലന്‍സ് ഭരിക്കുന്നത്. അനില്‍ കാന്തും, ഷേക്ക്‌ ദര്‍വേഷ് സാഹിബും. വിജിലന്‍സ് ഡയരക്ടരുടെ പോസ്റ്റില്‍ നിലവില്‍ ആരാണ് എന്നു ചോദിച്ചാല്‍ വീണ്ടും കൈ സംസ്ഥാന പോലീസ് മേധാവിയായ് ലോക്നാഥ് ബഹ്റയ്ക്ക് നേരെ വിരല്‍ ചൂണ്ടേണ്ടി വരും. അദ്ദേഹമാണ് നിലവില്‍ സംസ്ഥാന പോലീസ് മേധാവിയും, വിജിലന്‍സ് മേധാവിയും. ഇത്ര ജോലിത്തിരക്കുള്ള സംസ്ഥാന പോലീസ് മേധാവിക്ക് നോക്കാന്‍ കഴിയുന്ന ജോലിയേ വിജിലന്സില്‍ ഉള്ളൂവോ എന്ന ചോദ്യം ഉയര്‍ന്നാലും സര്‍ക്കാരിനു ഉത്തരമുണ്ടാകില്ല. കാരണം നിലവില്‍ വിജിലന്‍സ് മേധാവി എന്നു പറഞ്ഞാല്‍ സംസ്ഥാന പോലീസ് മേധാവി തന്നെയാണ്. കഴിഞ്ഞ ദിവസം പോലീസ് അടിമുടി അഴിച്ച് പണിതിട്ടും സര്‍ക്കാര്‍ വിജിലന്‍സില്‍ കൈ വെച്ചില്ല. കാരണം വിശ്വസ്തരേ മാത്രമേ വിജിലന്‍സില്‍ ഇരുത്താന്‍ കഴിയൂ. സര്‍ക്കാരിനു താത്പര്യമുള്ള ചില കേസുകള്‍ ഇപ്പോള്‍ വിജിലന്‍സിന്റെ മുന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here