വ്യാജവിവാഹത്തിലൂടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ അഭിഭാഷകയുടെ സഹോദരി അറസ്റ്റില്‍. ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണനെ വ്യാജവിവാഹം കഴിച്ച ജാനകി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കണ്ണൂര്‍ തളിപ്പറമ്പ് അമ്മാനപ്പാറയില്‍ പരേതനായ ബാലകൃഷ്ണന്റെ സ്വത്താണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ അഡ്വ. ശൈലജയുടെ സഹോദരിയാണ് ജാനകി. 500 കോടി രൂപയോളം വരുന്ന തട്ടിപ്പാണ് ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിനായി ഇവരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരും കൂട്ടുനിന്നു.
കണ്ണൂര്‍ തളിപ്പറമ്പില്‍ ഡോ. കുഞ്ഞമ്പുനായരുടെ മകനാണ് ബാലകൃഷ്ണന്. ഇയാള്‍ പരേതനും അവിവാഹിതനുമാണ്. അഡ്വ. ശൈലജ ഒരു കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണന്റെ കുടുംബത്തിലെ വിവരങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബാലകൃഷ്ണന്റെ ഭാര്യയാക്കി വ്യാജ രേഖകള്‍ തയ്യാറാക്കിയാണ് ശൈലജ തട്ടിപ്പ് നടത്തിയത്.
തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ജാനകിയുടെ മൊഴി എടുക്കുകയും കോടതില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സഹോദരനോടൊപ്പം ഹാജരായ ജാനകിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് സഹായം ചെയ്തുകൊടുത്ത റവന്യൂ ഉദ്യോഗസ്ഥരടക്കം എല്ലാ ഉന്നത തലത്തിലുള്ളവരേയും പ്രതികളാക്കി കേസെടുക്കും.