സംസ്ഥാനത്ത് അധികഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കണക്കെടുക്കും; അന്വേഷിക്കുന്നത് ലാന്‍ഡ്‌ബോര്‍ഡിന്റെ പ്രത്യേക സംഘം;

0
87

തിരുവനന്തപുരം: നടന്‍ ദിലീപ് അധികഭൂമി കൈവശം വെച്ചുവെന്നു തെളിഞ്ഞതോടെ സംസ്ഥാനത്ത് അധികഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കണക്കെടുക്കാന്‍ റവന്യൂവകുപ്പ് ശ്രമം തുടങ്ങി. റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവ 15 ഏക്കർ ഭൂപരിധി ബാധകമല്ലാത്തതിനാല്‍ അവ ഒഴിവാക്കിയാണ് അധികഭൂമിയുള്ളവരെ കണ്ടെത്തുക. 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്ന ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ ലാൻഡ് ബോർഡ് സെക്രട്ടറിക്കു റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ഒട്ടുവളരെ പേര്‍ക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കൂടുതല്‍ ഭൂമിയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിനു ലാന്‍ഡ്‌ ബോര്‍ഡ് രൂപം നല്‍കും. അധികഭൂമിയുള്ളവരെ കണ്ടെത്താനുള്ള മുഴുവന്‍ ചുമതലയും ലാന്‍ഡ്‌ ബോര്‍ഡ് രൂപീകരിക്കുന്ന പുതിയ സംഘത്തിനാകും. സംസ്ഥാനത്തെ റിസോര്‍ട്ടുകള്‍, മത സ്ഥാപനങ്ങള്‍ എന്നിവ കൈവശം വച്ചിരിക്കുന്ന അധികഭൂമിയും ലാൻഡ് ബോർഡ് പുതിയ സംഘം കണ്ടെത്തും. ഇവര്‍ക്കൊക്കെയെതിരെ നടപടിയും വരും. അന്വേഷണത്തിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. റജിസ്ട്രേഷൻ, റവന്യു വകുപ്പുകൾ സഹകരിച്ചാൽ മാത്രമേ അധിക ഭൂമി കണ്ടെത്തുന്നതില്‍ വിജയിക്കാനാകൂ എന്ന് ലാൻഡ് ബോർഡ് റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. റജിസ്ട്രേഷൻ രേഖകളുടെ കംപ്യൂട്ടർവൽക്കരണം പൂർത്തിയാകാത്തതിനാല്‍ ദൌത്യം ദുഷ്ക്കരമാകുമെന്ന വിലയിരുത്തലിലാണ് ലാന്‍ഡ്ബോര്‍ഡ്‌.

LEAVE A REPLY

Please enter your comment!
Please enter your name here