സിനിമ മോഹം നല്‍കി 14 ലക്ഷം തട്ടിയ കേസ് അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷന്‍

0
98

കൊച്ചി: മക്കൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പതിനാല് ലക്ഷം കവർന്നയാളെ കുറിച്ച് അനേ്വഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പെരുമ്പാവൂരിലെ ഒരു പമ്പിൽ ജീവനക്കാരനായ അങ്കമാലി നായത്തോട്ടുകരയിൽ കെ കെ ഗോപകുമാർ സമർപ്പിച്ച പരാതിയിൽ എറണാകുളം ചീരിക്കാട്ടുപാറ മുരിങ്ങോലിപറമ്പിൽ എം കെ വേണുഗോപാൽ എന്ന വേണു മുരിങ്ങേരിയെ കുറിച്ച്  അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഡിവൈ.എസ്പി. റാങ്കിൽ കുറയാത്ത സീനിയർ ഉദേ്യാഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നും കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഉത്തരവിൽ വ്യക്തമാക്കുന്നു.  എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയിരിക്കുന്നത്.

ഭാര്യയും രണ്ട് പെൺകുട്ടികളും അമ്മയും അടങ്ങുന്നതാണ് ഗോപകുമാറിന്റെ കുടുംബം.  കലാപരമായി മികവ് പുലർത്തുന്ന പെൺകുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടയിലാണ് വേണു മുരിങ്ങേരിയെ ഗോപകുമാർ പരിചയപ്പെട്ടത്.  ഗോപകുമാറിന്റെ മക്കൾക്ക് ഒരു ഭക്തിഗാന ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച 2013 ജൂണിൽ പാലക്കാട് വെച്ചാണ്  വേണുവിനെ പരിചയപ്പെട്ടത്.  സംഗീത സംവിധായകനാണെന്ന് സ്വയം പരിചയപ്പെടുത്തി. ആൽബം നിർമ്മിക്കാമെന്ന് പറഞ്ഞാണ് ആദ്യം പണം കടം വാങ്ങിയത്.  കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിപ്പിക്കാമെന്നും വാഗ്ദാനം നൽകി.

ആദ്യം മൂന്നുലക്ഷം ചോദിച്ചു.  ഭാര്യക്ക് കുറുപ്പംപടിയിൽ ഉണ്ടായിരുന്ന സ്വത്ത് വിറ്റ വകയിൽ ലഭിച്ച 16 ലക്ഷം രൂപയിൽ നിന്നും ഗോപി വേണു ആവശ്യപ്പെട്ട പണം നൽകി. തുടർന്ന് മൂത്തകുട്ടിയെ ഗൽഫിൽ നടക്കുന്ന സ്റ്റേജ്‌ഷോയിൽ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈക്കലാക്കി.  ഭാര്യയുടെ ചികിൽസക്കാണെന്ന് പറഞ്ഞ് ഒന്നരലക്ഷം കൂടി വാങ്ങി.  പിന്നീട് മക്കൾക്ക് വിസ വന്നതായി പറഞ്ഞ് കബളിപ്പിച്ച് മൂന്നു ലക്ഷവും ചലച്ചിത്ര പ്രവർത്തകനായ മാഫിയശശിക്ക് നൽകാനാണെന്ന് പറഞ്ഞ് രണ്ട് ലക്ഷവൂം കൂടി വാങ്ങി. ഇത്തരത്തിൽ അഞ്ചുമാസത്തിനിടയിൽ 14,24,000 രൂപ വേണു കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.

മക്കൾക്ക് സിനിമയിൽ അവസരം ലഭിക്കാതായപ്പോൾ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി തുടർന്ന് പിറവം ചീരിക്കാട്ടു പാറയിലുള്ള വേണുവിന്റെ വീട്ടിലെത്തിയെങ്കിലും വേണുഗോപാലിന്റെ മകൻ തന്നെയും സുഹൃത്തിനെയും ദേഹോപദ്രവം ഏൽപ്പിച്ചു. പിറവം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.  താൻ വീട്ടിലില്ലാതിരുന്ന ദിവസം പിറവം പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് ഒരു പോലീസുകാരൻ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തികമായി തകർന്ന താനും കുടുംബവുംം വാടക വീട്ടിലാണ് താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here