എന്‍റെ കുഞ്ഞിന് ഞാന്‍ മുലകൊടുക്കും ; എവിടെയും ആരെയും കൂസാതെ

0
2603

മുലയൂട്ടുന്ന അമ്മയുടെ അനാവൃതമാകുന്ന മാറിടം ഒരു സെക്സ് സിമ്പല്‍ ആയി കാണുന്നവരുടെ ഇടയില്‍ ലജ്ജയോ മറ്റൊരു തടസമോ ഇല്ലാതെ ധൈര്യപൂര്‍വ്വം ഇരുന്നു മുലയൂട്ടുന്ന അമ്മമാര്‍ എത്ര കാണും നമ്മുടെ ഇടയില്‍ പോലും ?

by ബീന സാം

പെടുന്നനെയാണ് കാനഡയിലെ ഒട്ടാവയിലുള്ള സ്റ്റാര്‍ബക്സ് കോഫീഷോപ്പില്‍ ഒരു മധ്യവയസ്ക്കയുടെ സ്വരം ഉയര്‍ന്നത്. എന്താണ് ഈ സ്ത്രീ ചെയ്യുന്നത് ? ഇതിനൊക്കെ ഒരു മറയൊക്കെ വേണ്ടേ ? ഒരു കോണില്‍ ഇരുന്നു പിഞ്ചുകുഞ്ഞിന് മുലയൂട്ടുന്ന യുവതിയായ അമ്മയെ നോക്കിയാണ് ആ മധ്യവയസ്ക്ക പൊട്ടിത്തെറിച്ചത്…പെട്ടന്ന് ഉയര്‍ന്ന ബഹളത്തില്‍ അസ്വസ്ഥയായി കുഞ്ഞിനെ മാറില്‍ നിന്നും പറിക്കാന്‍ ഒരുങ്ങിയ യുവതിയെ നോക്കി ഒരു നിമിഷം ആ ഷോപ്പിലെ എല്ലാവരും . ഞാന്‍ നോക്കിക്കൊള്ളാം എന്ന ഉറച്ച വാക്കുകളുമായി മധ്യവയസ്ക്കയെ അടക്കി  യുവതിയുടെ അടുത്തേക്ക് നടന്നു നീങ്ങുമ്പോള്‍ കോഫീ ഷോപ്പ് മാനേജര്‍ കൈയ്യില്‍ ഒരു കപ്പു കാപ്പിയും കരുതിയിരുന്നു. അച്ചടക്ക ബോധമില്ലാത്തവള്‍ എന്ന വിളിയില്‍ അമ്പരന്ന ആ യുവതിയുടെ മുന്നില്‍ കോഫി വെച്ച് സമാധാനമായി കുഞ്ഞിന്‍റെ വിശപ്പടക്കൂ  എന്ന് ആശ്വാസമാണ് ആ യുവാവ് പകര്‍ന്നത്.

ഒരു സ്ത്രീ , അവള്‍ പൊതു ഇടത്തില്‍ മാറിടം തുറന്നു വെച്ച് പാല് കൊടുക്കുമ്പോള്‍ സമൂഹം അസ്വസ്ഥമാകുന്നതിനെക്കുറിച്ച് പ്രശസ്ത മാഗസീനായ വോഗ് കൊടുത്ത ലേഖനത്തില്‍ പരാമര്‍ശിക്കപെട്ടതാണ് ഈ സംഭവം. പൊതു ഇടങ്ങളില്‍ ലജ്ജയോ മറ്റൊരു തടസമോ ഇല്ലാതെ ധൈര്യപൂര്‍വ്വം ഇരുന്നു മുലയൂട്ടുന്ന അമ്മമാരെ ഇന്നും ഗ്രാമീണ ഇന്ത്യയില്‍ നമുക്ക് കാണാം ?. എന്നാല്‍ ട്രെയിനിലോ ബസിലോ നഗരത്തിലെ തിരക്കേറിയ പൊതുഇടങ്ങളിലോ ഇങ്ങനെ ഒരു കാഴ്ച കാണുമോ ? ഇല്ല. മുലയൂട്ടുന്ന അമ്മയുടെ അനാവൃതമാകുന്ന മാറിടം ഒരു സെക്സ് സിമ്പല്‍ ആയി കാണുന്ന കനേഡിയന്‍ മധ്യവയസ്ക്കയുടെ കൂട്ടുകാര്‍ നമ്മുടെ നഗരങ്ങളിലും ധാരാളമായുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.  ഓഗസ്റ്റ്‌ ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി വഴക്കം പോലെ ആചരിച്ച്  മുലപ്പാലിനേയും മുലയൂട്ടുന്ന അമ്മയേയും കുറിച്ച് ലോകം മുഴുവന്‍ വാഴ്ത്തിപാടുമ്പോഴും നാം അറിയണം പൊതുസ്ഥലങ്ങളില്‍ തന്റെ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഒരമ്മയ്ക്ക് മുലയൂട്ടാന്‍ കഴിയുന്നുണ്ടോ? ഒരുപക്ഷേ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ സമൂഹത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ വലുതാണ്.

ബ്രസീലിയന്‍ മന്ത്രി മാനുവേല ഡി ആവില ദേശീയ അസംബ്ലിയിലിരുന്ന്  അവരുടെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ലോകം മുഴവന്‍ തരംഗമായിരുന്നു. ബ്രസീല്‍ പാര്‍ലമെന്റിലെ ദേശീയ അസംബ്ലിയില്‍ ഒരു ആനിമേറ്റഡ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്ന സമയത്താണ് അവര്‍ കുഞ്ഞിന് മുലയൂട്ടിയത്. നമ്മുടെ സമൂഹത്തിലെ എത്ര സ്ത്രീകള്‍ ധൈര്യം കാണിക്കും ഇതുപോലെ കുഞ്ഞിന് മുലയൂട്ടാന്‍. ഈ ഫോട്ടോ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഒരു പ്രചോദനമാണ്. എന്നാല്‍ ഈ ചിത്രത്തെ പ്രതികൂലിച്ച നിരവധിപേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നു.പക്ഷേ ഒരു രാഷ്ട്രീയ നേതാവ് ഒരു ഫോട്ടോയില്‍ അവരുടെ മുലകള്‍ പ്രദര്‍ശിപ്പിച്ചിനെതിരെ നിരവധി എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയും ഇന്നും തര്‍ക്കങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രസീല്‍ കുറച്ചു സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് ലൈവായി പ്രദര്‍ശിപ്പിച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ തംരംഗമായി മാറിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ സമൂഹത്തിലെ കാഴ്ചപ്പാടിലേക്കുള്ള സ്ത്രീയുടെ വെല്ലുവിളികളാണ്.

 

കിര്‍ഗിസ്തന്‍ പ്രസിഡന്റിന്റെ മകള്‍ 20 വയസ്സുകാരിയായ ആലിയ ഷാഗീവ തന്റെ നവജാത ശിശുവിനെ മുലയൂട്ടിന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടപ്പോള്‍ വന്ന എതിര്‍പ്പുകള്‍ക്ക് അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു. ”ഇത് ഒരു കര്‍ത്തവ്യമാണ് എന്റെ കുഞ്ഞിന്റെ ശാരീരികവും മാനസീകവുമായ ആവശ്യം , ഇതില്‍ സെക്സ് കണ്ട നിങ്ങളുടെ കണ്ണിനാണ് കുഴപ്പം ”

ആലിയ ഷാഗീവ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം
കോളേജിലെ ബിരുദാനന്തര ആഘോഷത്തിനിടയില്‍ ആഫ്രിക്കന്‍ വംശജയായ അമേരിക്കന്‍ യുവതി തന്റെ കുഞ്ഞിന് മുലയൂട്ടുന്ന അവരുടെ ഫോട്ടോ അവര്‍ പരസ്യപ്പെടുത്തുകയുണ്ടായി. എന്നാല്‍ അവര്‍ ഒരിക്കല്‍പോലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. വര്‍ണ്ണവിവേചനത്തിനും മുലയൂട്ടലിനുമെതിരെയുള്ള ദേശീയ കൊടുങ്കാറ്റായിരുന്നു ആഞ്ഞടിച്ചത്. പരസ്യമായി തന്റെ മകളെ മുലയൂട്ടുന്നതിനെ സംബന്ധിച്ച് പ്രതികൂലമായി നിരവധി കമന്റുകള്‍ അവര്‍ക്ക് കിട്ടി. ‘റ്റു ഡേ ഷോ” എന്ന മാഗസിനില്‍ അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. ‘ ഒരു സമൂഹമെന്ന നിലയില്‍ ആളുകള്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ മനസ്സിലാക്കാനുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇത് മറച്ചു വെയ്ക്കപ്പെടേണ്ടതോ, ചീത്തയായതോ, നെഗറ്റീവ് ആയിട്ടുള്ളതോ ആയ കാര്യമല്ല.
ഒരു കുഞ്ഞ് ഭൂമിയില്‍ ജനിച്ചുവീഴുമ്പോള്‍ അവന് ആദ്യം നല്‍കുന്ന അമൃതാണ് മുലപ്പാല്‍. ആറ് മാസംവരെയെങ്കിലും കുഞ്ഞിന് മുലപ്പാല്‍ നല്‍കണം എന്നാണ്. പൊതുവെ അമ്മമാര്‍ വീട്ടിലിരിക്കുമ്പോള്‍ മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത്. കുഞ്ഞുമായി പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാറില്ല. വിശന്നു കരയുന്ന കുഞ്ഞിന് അവര്‍ നല്‍കുന്നത് കുപ്പിയില്‍ നിറച്ച പശുവിന്‍ പാലായിരിക്കും. എന്താണിതിന് കാരണം? മുലയൂട്ടലിനെക്കുറിച്ച് പ്രസംഗിച്ച് കയ്യടിനേടുന്നവര്‍ മൂലയൂട്ടുന്ന സ്ത്രീക്കും കുഞ്ഞിനും സമൂഹത്തില്‍ അവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ? കൈക്കുഞ്ഞുമായി യാത്രചെയ്യേണ്ടിവരുന്ന ഒരമ്മക്ക് തന്റെ കുഞ്ഞിന്റെ വിശപ്പടക്കാനുള്ള സൗകര്യം പൊതുവേദികളില്‍ കിട്ടുന്നുണ്ടോ? ബസ്സിലും ട്രെയിനും യാത്രചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ തന്റെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനുള്ള സൗകര്യം ഇവര്‍ നല്കുന്നുണ്ടോ?
ബസ്സ്-ട്രെയിന്‍ യാത്രകളിലും പൊതുവേദികളിലും കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന ഒരമ്മയ്ക്ക് കുഞ്ഞു വിശന്നുകരഞ്ഞാല്‍ മുലപ്പാല്‍ കൊടുക്കാന്‍ ആ അമ്മ മടിക്കുന്നു. കാരണം അവളിലെ നാണമല്ല മറിച്ച് , ഭയമാണ്. താന്‍ മുലയുട്ടുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുക? ഇതാവും അവരുടെ ചിന്ത. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കാള്‍ ഏറെ സമൂഹത്തെ അവര്‍ ഭയക്കുന്നു. അപ്പോള്‍ ആ കുഞ്ഞിന് അവിടെ നിഷേധിക്കപ്പെടുന്നത് അവന് അവകാശമായ പോഷകാഹാരമാണ്. അമ്മ മുലയൂട്ടുമ്പോള്‍ അവളിലേക്ക് ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ കാമമാണ് കാണുന്നത്. മുലയൂട്ടല്‍ അമ്മ കുഞ്ഞിനു നല്‍കുന്ന വാത്സല്യപൂര്‍ണ്ണമായ ജീവനാണ് എന്ന് മനസ്സിലാക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ല.
 പണ്ടു മാറുമറയ്ക്കാതിരുന്ന കാലത്ത് ഒരമ്മക്ക് തന്റെ കുഞ്ഞിന്റെ വിശപ്പടക്കാന്‍ പ്രയാസമില്ലായിരുന്നു. എവിടെവെച്ചും നേതുസമയത്തും ആരുടെമുന്നിലും മടികൂടാതെ കുഞ്ഞിന്റെ ആവശ്യം സാധിച്ചുകൊടുക്കാന്‍ അമ്മയ്ക്ക് കഴിയുന്നു. എന്നാല്‍ ഇന്ന് ഇത് സാധ്യമല്ല. അതു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ്. സ്ത്രീയുടെ മാറ് പുറത്തു കാണപ്പെട്ടാല്‍ അതിനെ സെക്‌സായിമാത്രം കാണുന്ന സമൂഹത്തില്‍ എങ്ങനെയാണ് ഒരമ്മക്ക് തന്റെ കുഞ്ഞിനോട് കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയുന്നത്. ഇവിടെ മുലയൂട്ടല്‍ ദിനാചരണത്തിന് എന്തു പ്രസക്തിയാണുള്ളത്. ടൈം മാഗസിന്‍ തങ്ങളുടെ കവര്‍ പേജില്‍ പൊതുഇടത്ത് പരസ്യമായി മുലയൂട്ടുന്ന അമ്മയുടെ ചിത്രം കൊടുത്തപോലെയോ ; മെക്സിക്കോ സിറ്റി പൊതുഇട മുലയൂട്ടലിനായി ഒരു മാസം നീണ്ട പരസ്യ ക്യാമ്പയിന്‍ നടത്തിയതും പോലുള്ള തുറന്ന ഇടപെടല്‍ ഉണ്ടായേ തീരൂ ഇക്കാര്യത്തില്‍; പൊതുഇടങ്ങളില്‍ ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ വിശന്നു തൊണ്ട കീറി കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍…

LEAVE A REPLY

Please enter your comment!
Please enter your name here