കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവക്ക് കോഡെക്സ് അംഗീകാരം

0
118


കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവയ്ക്ക് കോഡെക്സ് മാനദണ്ഡങ്ങൾ നൽകാനുള്ള കോഡക്സ് അലിമെന്റേറിയസ് കമ്മീഷൻ തീരുമാനം സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സ്പൈസസ് ബോർഡ്. മാത്രല്ല, കൂടുതൽ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നിനുള്ള സാധ്യതകൾ  ഈ തീരുമാനത്തോടെ ഉണ്ടായിരിക്കുകയാണെന്നും സ്പൈസസ് ബോർഡ് അഭിപ്രായപ്പെട്ടു.

കുരുമുളകിന്റെ പച്ച, കറുപ്പ്, വെളുപ്പ് എന്നീ വകഭേദങ്ങൾ, ജീരകം, തോട്ടതുളസി എന്നിവയുടെ മൂന്നു കോഡെക്സ് മാനദണ്ഡങ്ങൾ ജനീവയിൽ ചേർന്ന കമ്മീഷൻ യോഗമാണ്  അംഗീകരിച്ചത്. എട്ടു തലങ്ങളിൽ നടന്ന കൂടിയാലോചനകളിലൂടെയാണ് കമ്മീഷൻ ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ലോകത്തെ ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ മാനദണ്ഡങ്ങൾ നിർണയിക്കുന്ന സമിതിയാണ് കോഡെക്സ്‌.

ചരിത്രപരമായ തീരുമാനമാണ് കോഡെക്സ് കമ്മിറ്റി സ്വീകരിച്ചതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ.ജയതിലക് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾക്കും ഭക്ഷ്യയോഗ്യമായ മൂലികകൾക്കുമായുള്ള കോഡെക്സ് കമ്മിറ്റിയുടെ മൂന്നു യോഗങ്ങൾ സംഘടിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണ്. ലോക ഭക്ഷ്യസംഘടന, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചു കാണ്ടാണ് ഈ അംഗീകാരം. ഇതാദ്യമായാണ് സുഗന്ധവ്യഞ്ജനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള ഉത്പന്നങ്ങളായി പരിഗണിക്കുന്നത്.

കൊച്ചി(2014), ഗോവ(2015),  ചെന്നൈ(2017) എന്നിവിടങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചതിലൂടെ ഈ വിഷയത്തിൽ രാജ്യം മികച്ച പരിശ്രമമാണ് നടത്തിയതെന്ന് ജയതിലക് ചൂണ്ടിക്കാട്ടി.  ഇതിനു വേണ്ടി പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അനുമോദിച്ചു. ഈ മാനദണ്ഡങ്ങൾ കമ്മീഷൻ യോഗത്തിൽ എല്ലാ അംഗങ്ങളുടെയും വമ്പിച്ച പിന്തുണയോടെയാണ് പാസായത്. കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവയുടെ മാനദണ്ഡങ്ങൾ അംഗീകരിച്ചതോടെ കോഡെക്സ് പൗരന്മാരാകാനുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ആദ്യ കടമ്പയാണ് കടന്നിരിക്കുന്നത്.

ചില അംഗങ്ങൾ ഈ തീരുമാനത്തിനെതിരായി രംഗത്ത് വന്നെങ്കിലും അവരുടെ വാദങ്ങളെ ഡോ ജയതിലക് ശക്തമായി ഖണ്ഡിച്ചു. ഈ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഇന്ത്യയുടെ നിലപാട് സുവ്യക്തമായി അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഈ നീക്കത്തെ നേരിട്ടത്.

കാൽ നൂറ്റാണ്ടിനകത്ത് ആദ്യമായാണ് ഇത്തരം ഒരു കമ്മിറ്റി സുഗന്ധവ്യഞ്ജനങ്ങൾക്ക മാത്രമായി സ്ഥാപിപ്പെട്ടത്. തന്ത്രപ്രധാനമായ ഇടപെടലുകളിലൂടെയാണ് കോഡെക്സ് അംഗങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുഗന്ധവ്യഞ്ജനങ്ങളുടെയും ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെയും എണ്ണം വളരെ കൂടുതലാണ്. അന്താരാഷ്ട്ര രംഗത്ത് ഐഎസ്ഒ അംഗീകരിച്ച 109 സുഗന്ധവ്യഞ്ജനങ്ങളാണ് ആകെയുള്ളത്. പക്ഷെ രാജ്യങ്ങളുടെ വകഭേദം കൂടിയാകുമ്പോൾ എണ്ണം വീണ്ടും കൂടും.  ഇനിയും ഇക്കാര്യത്തിൽ കടമ്പകൾ ഏറെ കടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് കോഡെക്സ് കമ്മിറ്റിയിലേക്ക് അപേക്ഷിക്കാൻ  സ്പൈസസ് ബോർഡ് തീരുമാനിച്ചത്.  പിന്നീട് കോഡെക്സ് കമ്മിറ്റി തുടങ്ങുന്നതിനായി ശുപാർശ ചെയ്തു.  സ്ഥിരമായി കോഡെക്സ് കമ്മിറ്റികളിൽ പ്രതിനിധികളെ അയയ്ക്കുകയും അംഗരാജ്യങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച് അവബോധം വളർത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ നേട്ടം.

റോമിൽ 2013 ൽ നടന്ന കമ്മിറ്റിയുടെ 36-ാം സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള ഈ ശുപാർശ പരിഗണിച്ച് അംഗീകാരം നൽകി. മറ്റ് അംഗരാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ  സുഗന്ധവ്യഞ്ജനങ്ങൾക്കായി മാത്രമുള്ള കോഡെക്സ് കമ്മിറ്റി നിലവിൽ വന്നു. ഇതിന്റെ ആതിഥേയ രാജ്യമായി ഇന്ത്യയെയും സെക്രട്ടേറിയറ്റായി  സ്പൈസസ് ബോർഡിനെയും  നിശ്ചയിച്ചു.  കാൽനൂറ്റാണ്ടിനു ശേഷമാണ് പുതിയ കോഡെക്സ സമിതി നിലവിൽ വരുന്നതെന്ന പ്രത്യേകതയും ഉണ്ട്.

സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഇറക്കുമതിക്കാരായ വികസിത രാജ്യങ്ങൾ യുക്തിരഹിതമായ ഗുണമേന്മാ മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിരുന്നു. ഇത് വ്യവസായത്തെ സാരമായി ബാധിച്ച അവസ്ഥയാണ് ഉണ്ടായിരുന്നത്. ലോക ഭക്ഷ്യ സംഘടനയും ലോകാരോഗ്യസംഘടനയും സംയുക്തമായി ക്രോഡീകരിച്ച  കോഡെക്സ് മാനദണ്ഡങ്ങൾ വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്.

സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി, പ്രോത്സാഹനം എന്നിവയുടെ രാജ്യത്തെ ഏക ഏജൻസിയായ സ്പൈസസ് ബോർഡ് ഇക്കാര്യത്തിൽ മികച്ച പ്രവർത്തനമാണ് നടത്തി വന്നത്. സുഗന്ധവ്യഞ്ജനങ്ങൾക്കായി ലോകത്തെമ്പാടുമുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ ഏകീകരിച്ചതിലൂടെ ഈ രംഗത്തെ സമൂലമായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here