കുറ്റപത്രമില്ല; ദാദ്രി കേസിലെ 15 പ്രതികളും ജയില്‍മോചിതരായി

0
99

ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ 19 പ്രതികളില്‍ 15 പേരും ജാമ്യം നേടി ജയില്‍മോചിതരായി. പ്രധാന പ്രതിയും ബി.ജെ.പി നേതാവിന്റെ മകനുമായ വിശാല്‍ റാണക്കാണ് അലഹാബാദ് ഹൈകോടതി ഏറ്റവുമൊടുവില്‍ ജാമ്യം അനുവദിച്ചത്. കേസ് അതിവേഗ കോടതിയില്‍ വിചാരണക്ക് എത്തിച്ചിട്ടും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
അടുത്ത വാദം കേള്‍ക്കല്‍ ആഗസ്റ്റ് ഒമ്പതിന് നടക്കാനിരിക്കേയായിരുന്നു അലഹബാദ് ഹൈകോടതി വിശാലിന് ജാമ്യം അനുവദിച്ചത്. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ വിശാലിനുമാത്രം നിഷേധിക്കുന്നതില്‍ ന്യായമില്ല എന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് അഖ്‌ലാഖിന്റെ അഭിഭാഷകന്‍ സയ്യിദ് ഫര്‍മാന്‍ അഹ്മദ് നദ്വി അറിയിച്ചു.
ശ്രീ ഓം, രൂപേന്ദ്ര വിവേക് എന്നീ പ്രതികളാണ് ജയിലിലുള്ളത്. പ്രതികളിലൊരാളായ രവിന്‍ സിസോദിയ ജയിലില്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര മന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രതിയുടെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here