ബെംഗളൂരു; കേരളത്തിലെക്ക് എത്താനുള്ള സുരക്ഷാച്ചെലവ് പ്രശ്നത്തില്‍ പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മദനി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.
പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് മദനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. മദനിക്ക് സുരക്ഷയ്ക്ക് ജിഎസ്ടിയും വിമാനച്ചിലവ് ഉള്‍പ്പെടെ 15 ലക്ഷം രൂപയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
സുരക്ഷാ ചിലവ് മദനി നേരിട്ട് വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് മുന്‍പ് തുച്ചമായ തുക മദനിയുടെ കേരള ചിലവിനു ഈടാക്കിയിരുന്ന കര്‍ണ്ണാടക തുക ലക്ഷങ്ങളിലേക്ക് ഉയര്‍ത്തിയത്.
തുക വര്‍ധനവില്‍ പ്രതിഷേധിച്ച് ഒരുവേള കേരള യാത്ര റദ്ദ് ചെയ്യാന്‍ മദനി ആലോചിച്ചിരുന്നു. പക്ഷെ ഈ തുക വഹിക്കാമെന്നു കേരളം ആവശ്യപ്പെടുകയും, സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാം എന്ന് അഭിപ്രായമുയരുകയും ചെയ്തതോടെയാണ് മദനി വീണ്ടും കേരളത്തിലേക്ക് എന്ന തീരുമാനം കൈക്കൊണ്ടത്.
ബംഗളൂര് സ്ഫോടനക്കേസില്‍ പ്രതിയായ മദനി ഇപ്പോള്‍ മാസങ്ങളായി ചികിത്സയ്ക്കായി ബംഗളൂരുവില്‍ ജാമ്യത്തിലാണ്. പക്ഷെ സംസ്ഥാനം വിടാനുള്ള അനുമതി മദനിക്ക് നല്‍കിയിട്ടില്ല.
മദനിയുടെ കേരള സുരക്ഷാ ചിലവ് വഹിക്കാം എന്ന് പറഞ്ഞു കേരള സര്‍ക്കാര്‍ കര്‍ണ്ണാടക സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. പക്ഷേ ഈ കത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വന്നിട്ടില്ല. ആഗസ്റ്റ് ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാനാണു സുപ്രീം കോടതി മദനിക്ക് അനുമതി നൽകിയിട്ടുള്ളത്.