തീവ്ര ഗ്രൂപ്പായ എ തങ്ങളെ ഇല്ലാതാക്കുമെന്ന ഭീതിയില്‍ ഐ ഗ്രൂപ്പ്; സമവായത്തിലെ ആശങ്ക അറിയിക്കാന്‍ ചെന്നിത്തല ഡല്‍ഹിക്ക്

0
1225

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ കേരളത്തിനു സമവായത്തിനു സാധ്യത. കേരളത്തില്‍ പാര്‍ട്ടി ദുരബലപ്പെട്ടിരിക്കെ വാശിയേറിയ ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ സാധ്യമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വരുന്ന മാസം സമവായ സാധ്യതകള്‍ ഉരുത്തിരിഞ്ഞേക്കും എന്നാണു സൂചനകള്‍.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള സ്റ്റേറ്റ് ആയതിനാല്‍ പരമാവധി ഏറ്റുമുട്ടല്‍ കുറച്ചു കൊണ്ട് പോകാനാണ് ഹൈക്കമാന്‍ഡ് താത്പര്യപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.കോണ്‍ഗ്രസിലെ തീവ്രഗ്രൂപ്പ് ആണ് നിലവില്‍ ഉമ്മന്‍‌ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പ്. പഴയ എല്‍ടിടിഇ പോലുള്ള തീവ്ര ഗ്രൂപ്പ് ആണ് കേരളത്തിലെ എ എന്നാണു ഒരു മുതിര്‍ന്ന നേതാവ് എ ഗ്രൂപ്പിനെക്കുറിച്ച് 24 കേരളയോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ നശിപ്പിക്കാനും നിലനിര്‍ത്താനും കഴിയുന്ന എ ഗ്രൂപ്പിന്റെ അഭിപ്രായത്തിനു വലിയ വിലയുണ്ട്‌.

ഈ തീവ്രഗ്രൂപ്പ് തങ്ങളെ തകര്‍ത്ത് ഏറിയും എന്ന ഭീതിയുള്ളതിനാലാണ് ഐ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് സജീവമാക്കിയത്. എ ഗ്രൂപ്പിനെക്കാളും അണികള്‍ അതായത് ലീഡര്‍ കെ.കരുണാകരനെ പിന്തുണയ്ക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. അവരുടെ പിന്തുണ സമാഹരിക്കാനാണ് ഐഗ്രൂപ്പ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജ്ജിതമാക്കിയത്. ഇവരുടെ പിന്തുണയോടെയാണ് ഐ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് പരിപാടി മുന്നോട്ട് നീക്കിയത്.

സമവായം എന്നാണു എ ഗ്രൂപ്പ് കെഎസ് യു  സംസ്ഥാന തിരെഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയത്. ഈ ചൂണ്ടയില്‍ കൊത്തി മുന്നോട്ട് പോയ ഐ ഗ്രൂപ്പിനെ എ ഗ്രൂപ്പ് നിലംപരിശാക്കിക്കളഞ്ഞു. സമവായം എന്നു പറഞ്ഞു മുന്നോട്ട് നീങ്ങിയ എ ഒടുവില്‍ ഐ ഗ്രൂപ്പിന് നല്ല പണി കൊടുത്ത് തിരഞ്ഞെടുപ്പില്‍ സംഘടന പിടിച്ചു.

അതുകൊണ്ട് തന്നെ സമവായം എന്നു എ പറഞ്ഞാല്‍ അത് എത്രത്തോളം എന്ന ചോദ്യം ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്. സമവായം എന്നു പറഞ്ഞു ഐ ഗ്രൂപ്പിനെ തകര്‍ക്കാനുള്ള പദ്ധതികളെ തിരിച്ചരിയുക തന്നെ വേണം എന്ന ചിന്താഗതി ഐ ഗ്രൂപ്പില്‍ പ്രബലമാണ്. പക്ഷെ അണികള്‍ തിരഞ്ഞെടുപ്പ് വഴി നേതൃത്വം വരട്ടെ എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നവരാണ്.

പക്ഷെ ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയില്ലാതെയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. സിപിഎം പാര്‍ട്ടി എന്ന നിലയില്‍ കെട്ടുറപ്പോടെ നില്‍ക്കുകയും സര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു തമ്മില്‍ തല്ല് കോണ്‍ഗ്രസിനെ നാശത്തിലേക്ക് തള്ളിവിടും എന്ന മുന്നറിയിപ്പാണ് മുതിര്‍ന്ന നേതാക്കള്‍ കൈമാറുന്നത്.

മറുവശത്ത് ബിജെപി പ്രതിപക്ഷം എന്ന നിലയില്‍ ശക്തി പ്രാപിക്കുന്നുമുണ്ട്. എ ഗ്രൂപ്പ് നോമിനിയായി താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എം.എം.ഹസന്‍ വരെ തിരഞ്ഞെടുപ്പ് വേണ്ടാ എന്ന അഭിപ്രായമാണ് പൊതുവേ പുലര്‍ത്തുന്നത്. പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കൂടി നടന്നാല്‍ ഗര്‍ഭിണിയുടെ അവസ്ഥയിലാകും എന്നു മുതിര്‍ന്ന നേതാക്കള്‍ വരെ സൂചന നല്‍കുന്നു.

തകര്‍ന്നടിഞ്ഞ ഒരു സംഘടനാ സംവിധാനമായി മാറിക്കഴിഞ്ഞ കോണ്‍ഗ്രസിന് ഒരു സംഘടനാ തിരഞ്ഞെടുപ്പ് താങ്ങാനുള്ള ശേഷിയില്ലെന്നാണ് നിലവിലെ അവസ്ഥ. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ട നേതാവ് ഉമ്മന്‍ ചാണ്ടി ആയതിനാല്‍ എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ നിലപാടിലേക്കാണ് ഉറ്റു നോക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സംഘടനാ തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന മുറിവുകള്‍ പല എംപിമാരുടെ വിജയ സാധ്യതകളെ ബാധിക്കും എന്ന പേടിയും നേതാക്കള്‍ പുലര്‍ത്തുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നാളെ ഡല്‍ഹിക്ക് പോകുന്നുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പിന് പകരം സമവായ സാദ്ധ്യതകളാണ് ഐഗ്രൂപ്പും ചികയുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് വേണം എന്നു നിലവില്‍ ശഠിക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പ് കാക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമാണ്.നാളെ ഡല്‍ഹിക്ക് പോകുന്ന ചെന്നിത്തല ഐ ഗ്രൂപ്പ് തീരുമാനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചേക്കും. പക്ഷെ സമവായം എന്നു പറഞ്ഞു തങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം ഇത്തവണ അനുവദിക്കില്ലാ എന്ന ഉറച്ച തീരുമാനത്തിലാണ് ഐ ഗ്രൂപ്പ്. ഈ തീരുമാനം തന്നെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചെന്നിത്തല അറിയിക്കാന്‍ പോകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here