നടന് ദിലീപിന്റെ ആദ്യവിവാഹത്തില്‍ തനിക്കൊരു പങ്കുമില്ലെന്നു നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബി. ദിലീപിന്റെ ആദ്യവിവാഹത്തില്‍ അബി സാക്ഷിയായിരുന്നു എന്നും അതിനാല്‍ പോലീസ് അബിയെ ചോദ്യം ചെയ്തു എന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഈ സംഭവവുമായി തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ലായെന്ന് അബി വാദിക്കുന്നു.
താനും ദിലീപും നാദിര്‍ഷയും മിമിക്രി കാലത്തുണ്ടായ ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് അബി പറയുന്നു. ആ സമയത്തുപോലും പ്രൊഫഷണല്‍ ബന്ധം മാത്രമേ അവര്‍ തമ്മിലുണ്ടായിരുന്നുള്ളൂ. തന്റെ വ്യക്തിജീവിതത്തിലോ അവരുടെ വ്യക്തിജീവിതത്തിലോ ഇടപെട്ടിട്ടില്ലായെന്നും അബി പറയുന്നു. ദിലീപിന്റെ ആദ്യ രജിസ്റ്റര്‍ വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും, പങ്കെടുത്തിട്ടുണ്ടെങ്കില്‍ ഓഫീസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ വ്യക്തി ജീവിതത്തിലെ വിവരങ്ങള്‍ അന്വേഷിക്കുന്ന ഭാഗമായാണ് അബിയെയും ചോദ്യം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നടി മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് ബന്ധുവായ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചനം നേടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.