പോലീസിനെ ഭയന്നോടിയ യുവാവ് മരിച്ച കേസ്: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

0
56


പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ റേഞ്ച് ഐ.ജി മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ഭിന്നലിംഗക്കാരുമായി സംസാരിക്കുന്നതിനിടെ ജീപ്പ് കണ്ട് ഭയന്നോടിയ കോട്ടയം ചിങ്ങവനം സ്വദേശി സജിന്‍ ബാബുവിനെയാണ്(18) തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിനടുത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10.15നായിരുന്നു സംഭവം.
വാഹന നിര്‍മാണ കമ്പനിയുടെ പരസ്യവാഹനങ്ങളില്‍ നോട്ടീസ് വിതരണം നടത്തുന്ന സജിനും സുഹൃത്ത് അഭിജിത്തും ചെട്ടിയങ്ങാടി ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോള്‍ ഭിന്നലിംഗക്കാര്‍ പരിഹസിച്ച് സംസാരിച്ചുവെന്ന് പറയുന്നു. ഇവര്‍ പ്രതികരിക്കാതെ നടന്നുപോയശേഷം തിരിച്ച് ഇതുവഴി വന്നപ്പോള്‍ ഭിന്നലിംഗക്കാര്‍ ചിലരോട് തര്‍ക്കിക്കുന്നത് കണ്ടതായും ഇതിനിടെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഭയന്നോടിയതായും അഭിജിത്ത് പറഞ്ഞു. മാരാര്‍ റോഡ് ജങ്ഷനില്‍ സജിനെ കാണാതായി.
മറ്റ് സുഹൃത്തുക്കളുമായി വന്ന് അഭിജിത്ത് സജിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രി ഒന്നോടെ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണവും തുടങ്ങി. ചൊവ്വാഴ്ച അഭിജിത്തും സുഹൃത്ത് ഹരികൃഷ്ണനും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മാരാര്‍ റോഡിലെ ലോഡ്ജിലാണ് സജിനും മറ്റ് നാല് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. മൊബൈല്‍ ഫോണും പഴ്‌സും ലോഡ്ജില്‍ വെച്ചാണ് സജിന്‍ പുറത്തുപോയത്.
അതിനാല്‍ത്തന്നെ നഗരം വിട്ടിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പൊലീസിന് വിവരം നല്‍കിയിരുന്നു. പരിസരത്തെ സി.സി ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചതോടെയാണ് കെട്ടിടത്തിന്റെ അരികിലൂടെ ഓടി സജിന്‍ കിണറ്റില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പേരൂര്‍ സ്വദേശി അഭിജിത്തും പള്ളം സ്വദേശി ഹരികൃഷ്ണനും സജിനും നാട്ടകം വി.എച്ച്.എസ്.ഇയില്‍ ഗ്രാഫിക് ഡിസൈനിങ് വിദ്യാര്‍ഥികളായിരുന്നു. 10 ദിവസം മുമ്പാണ് തൃശൂര്‍ നഗരത്തില്‍ ജോലി ലഭിച്ചത്. പാലക്കാട്ടും തൃശൂരിലെ മറ്റ് നഗരങ്ങളിലും പരസ്യ പ്രചാരണത്തിന് പോകാറുണ്ടായിരുന്നു. സജിന്റെ മാതാവിന് വീട്ടുജോലിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരനുണ്ട്. ഈസ്റ്റ് സി.ഐ കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.തിങ്കളാഴ്ച ഭിന്നലിംഗക്കാരുടെ സമ്മേളനം തൃശൂരില്‍ നടന്നിരുന്നു. സമ്മേളനത്തിനുശേഷം നഗരത്തില്‍ ഇവര്‍ അലഞ്ഞു നടന്നിരുന്നതായും പൊലീസ് പറഞ്ഞു.,

LEAVE A REPLY

Please enter your comment!
Please enter your name here