പ്രവാസി വോട്ടവകാശത്തിന് കേന്ദ്ര അനുമതി

0
244


വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.
തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം. ഇതിനു പകരം, അവര്‍ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ അവസരം നല്‍കുകയോ വേണമെന്നതുള്‍പെടെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിനു മുന്നിലുള്ളത്. ഓണ്‍ലൈനായി ബാലറ്റ് പേപറുകള്‍ ഏറ്റവുമടുത്ത എംബസികളിലോ കോണ്‍സുലേറ്റുകളിലോ എത്തിച്ച് വോട്ടു രേഖപ്പെടുത്തുന്ന രീതിയും കേന്ദ്രം പരിഗണിക്കുന്നു. പോസ്റ്റല്‍ ബാലറ്റായാണ് ഇതു പരിഗണിക്കുക.
ആവശ്യമായ നിര്‍ദേശങ്ങള്‍ പാലിച്ച് പകരക്കാരെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്ന സംവിധാനവും കേന്ദ്രം ആേലാചിക്കുന്നുണ്ട്. പ്രതിനിധിയാകുന്നയാള്‍ നിലവില്‍ മണ്ഡലത്തില്‍ താമസിക്കുന്ന ആളായിരിക്കണം എന്നതു മാത്രമാണ് നിബന്ധന. ഇതുരണ്ടും നടപ്പാകാന്‍ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കണം. ഇത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകാരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here