

കൊച്ചി: ഇന്ത്യൻ ബോക്സിങ് പ്രൊഫഷണൽ ലീഗ് (ഐ ബി പി എൽ ) സംഘടിപ്പിക്കുന്ന ‘ബാറ്റിൽഗ്രൗണ്ട് ഏഷ്യ’ ഡബിൾ ടൈറ്റിൽ മത്സരത്തിൽ ഇത്തവണ കേരള ക്ലബിന്റെ സാന്നിധ്യവും. നാളെ മുംബൈ എൻ എസ് സി ഐ എസ്വിപി സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് ഫൈറ്റിൽ കേരള പ്രൊഫഷണൽ ബോക്സിങ് കൗൺസിലും (കെ പി ബി സി ) കൊച്ചിയിലെ ടൈറ്റിൽ ബോക്സിങ് ക്ലബും പങ്കെടുക്കും. ദുബായിൽ നിന്നുള്ള രാജ്യാന്തര ബോക്സിങ് താരം ലാറി അബാറയെയാണ് കേരള പ്രൊഫഷണൽ ബോക്സിങ് കൗൺസിലും ടൈറ്റിൽ ബോക്സിങ് ക്ലബും ചേർന്ന് ഗോദയിലിറക്കുന്നത്. അസദ് ആസിഫ് ഖാൻ ആണ് ലാറിയുടെ എതിരാളി. സൂപ്പർ ബാന്റം വെയിറ്റ് 4 റൗണ്ട് കോണ്ടെസ്റ്റ് വിഭാഗത്തിലാകും ലാറ അബാറ പങ്കെടുക്കുക. രാജ്യാന്തര താരങ്ങളായ വിജേന്ദർ സിങ്, സുൽപിക്കർ മൈമത്തലി എന്നിവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചി ജവഹർ നഗറിലെ ടൈറ്റിൽ ബോക്സിങ് ക്ലബിൽ പരിശീലനത്തിന് ശേഷം ലാറയടങ്ങുന്ന കേരളസംഘം നെടുമ്പാശേരിയിൽ നിന്ന് യാത്ര തിരിച്ചു.ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു അസോസിയേഷൻ പ്രൊഫഷണൽ ബോക്സിങ് മത്സരത്തിൻറെ ഭാഗമാകുന്നതെന്ന് കേരള പ്രൊഫഷണൽ ബോക്സിങ് ക്ലബ് (കെ പി ബി സി) സെക്രട്ടറിയും മുൻ മിസ്റ്റർ ഇന്ത്യയും ടൈറ്റിൽ ബോക്സിങ് ക്ലബ് ഡയറക്ടറുമായ കെ എസ് വിനോദ്, കെ പി ബി സി പ്രസിഡണ്ടും സിയാൽ ഡയറക്ടറുമായ എം വി ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേൾഡ് ബോക്സിങ് ഓർഗനൈസേഷൻ (ഡബ്ള്യു ബി ഒ) ലൈസൻസുള്ള ആദ്യ ബോക്സിങ് ക്ലബാണ് കൊച്ചിയിലെ ടൈറ്റിൽ ബോക്സിങ് ക്ലബ് എന്ന് കെ പി ബി സി ട്രഷറർ അഡ്വ. കെ വി സാബു പറഞ്ഞു. ഇസ്രായേലി സ്വയം പ്രതിരോധ മാർഗമായ ക്രവ്മഗ കോഴ്സും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.