തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച ഉന്നതതലയോഗം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന അറിയിക്കാതെ. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയും എജിയും നിയമ സെക്രട്ടറിയും പങ്കെടുത്ത യോഗമാണ് റവന്യൂ മന്ത്രി അറിയാതെ നടന്നത്.
. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ചു തീരുമാനമെടുക്കാനായിരുന്നു യോഗം വിളിച്ചത്. യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും പങ്കെടുത്തു. എന്നാൽ യോഗത്തെ കുറിച്ച് റവന്യുമന്ത്രിക്കോ ഓഫിസിനോ വിവരം ലഭിച്ചില്ല. കോടതിയിൽ നിലനിൽക്കും വിധമാകണം കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെന്നും, ഇതിന്റെ ചുവടുപിടിച്ചുള്ള നീക്കങ്ങള്‍ വേണം മൂന്നാറില്‍ നടത്താനെന്നും യോഗം തീരുമാനിച്ചു.
ഭൂപതിവു ചട്ടങ്ങളിൽ ഭേദഗതിക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അഡീഷണൽ എജി രഞ്ജിത് തമ്പാനോട് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാർ ടൗൺഷിപ്പിന്റെ പ്രത്യേക പദവി, അതിനായി അതോറിറ്റി സ്ഥാപിക്കണോ തുടങ്ങിയ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്കു വന്നു. റവന്യുമന്ത്രിയെ അറിയിക്കാതെ യോഗം വിളിച്ചുചേർത്തതില്‍ സിപിഐക്ക് അതൃപ്തിയുണ്ട്.