രാജ്യത്തെ ഒരു ശക്തിക്കും തീറെഴുതി കൊടുക്കാൻ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ്

0
81


കൊച്ചി:  രാജ്യത്തെ ഒരു ശക്തിക്കും തീറെഴുതി കൊടുക്കാൻ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് ആർക്കെങ്കിലും മോഹമുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലാ കോവിവെൻസിയ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യ ആരുടേതാണ് എന്ന ശീർഷകത്തിൽ  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ കരുത്തും ശക്തിയുമായി വർത്തിക്കുന്ന മതനിരപേക്ഷതയും ജനാതിപത്യ സംവിധാനവും മോഡി ഭരണത്തിൽ കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇഷ്ടപെട്ട മതം സ്വീകരിക്കാനും നിരാകരിക്കാനുമുള്ള മതസ്വാതന്ത്ര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതവുമില്ലെന്ന പ്രഖ്യാപനത്തിൽ ഏറെ മനംനൊന്തവരായിരുന്നു സംഘ് പരിവാർ ശക്തികൾ. മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണവർ. മതനിരപേക്ഷതയുടെ ആധാരശിലകളിൽ വിള്ളലുണ്ടാക്കാൻ അവർ അന്നേ ശ്രമിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചുകൊണ്ടാണ് അവർ ആ ശ്രമത്തിന് തുടക്കം കുറിച്ചത്. തുടർന്ന് അവർ നടത്തിയ ഓരോ നീക്കവും ഇന്ത്യയുടെ ബഹുസ്വരത തകർക്കും വിധത്തിലായിരുന്നു.

കേന്ദ്രസർക്കാർ രണ്ട് തരത്തിലുളള ഫാസിസമാണിപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് രാഷ്ട്രീയ ഫാസിസമാണ്. ബീഹാറിലെ സർക്കാരിനെ അട്ടിമറിച്ചതും ഗുജറാത്തിലെ എംഎൽഎമാരെ പണം നൽകി വിലയ്ക്കെടുക്കാൻ ശ്രമിച്ചതും ഇസ്രായേൽ സന്ദർശനം നടത്തിയതും രാഷ്ട്രീയ ഫാസിസത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. ഇതിന്റെ ഇരകൾ എന്നും സാധാരണക്കാരാണ്. നോട്ട് നിരോധനത്തിന്റെ കഷ്ടതകൾ അനുഭവിച്ചവരും പണം പിൻവലിക്കാനായി ക്യൂവിൽ നിന്ന് മരിച്ചവരും വിവിധ സംസ്ഥാനങ്ങളിൽ വെടിയേറ്റ് മരിച്ച കർഷകരും സാധാരണക്കാരായിരുന്നു. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ പൻസാരെ, കൽബുർഗി തുടങ്ങിയ എഴുത്തുകാർ സാംസ്‌കാരിക ഫാസിസത്തിന്റെ ഇരകളാണ്. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ യോഗ്യരല്ലാത്തവരെ അടിച്ചേൽപ്പിച്ചതും സാംസ്‌കാരിക ഫാസിസത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ആരോഗ്യരക്ഷക്ക് ഉപകരിക്കുന്ന ഭക്ഷണം ഉറപ്പുവരുത്തലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. അതിനുപകരമായി അവരുടെ അടുക്കളയിൽ മണം പിടിച്ചു നടക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. പശുവിന്റെ പേരിൽ നടന്ന കൊലപാതകങ്ങൾ ലോകരാഷ്ട്രവേദികളിൽ ഇന്ത്യയുടെ യശസ്സിനേൽപ്പിച്ച കളങ്കം ചെറുതല്ല. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗത്തിൽപെട്ടവരും മാത്രമല്ല ഇരകൾ. സനാതന ധർമ്മം മുറുകെപ്പിടിച്ച് ജീവിക്കുന്ന ഹൈന്ദവ സഹോദരങ്ങളെയും സർക്കാർ വേട്ടയാടുകയാണ്.

വർഗീയതക്കെതിരായുള്ള മറുമരുന്ന് പ്രതി വർഗീയതയല്ല. ജനാധിപത്യ മാർഗത്തിലൂടെയുള്ള പ്രതിഷേധം മാത്രമാണ് അഭികാമ്യം. അതാണ് എക്കാലവും മുസ്ലിം ലീഗിന്റെ നിലപാടുകൾ. കോടതി വിധികൾ ചൂണ്ടിക്കാട്ടി ഹർത്താലും മാർച്ചും നടത്തുന്നത് വിരോധാഭാസമാണ്. ഇസ്ലാമിക ശരീഅത്തിനെതിരായി സുപ്രീം കോടതിയിൽ വിധി വന്നപ്പോൾ പോലും ലീഗ് വൈകാരികമായി പ്രതികരിച്ചിരുന്നില്ല. ഭരണഘടനയും ഖുർആനും കൈയിലേന്തിക്കൊണ്ട് പാർലമെന്റിൽ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും തങ്ങൾ ഓർമിപ്പിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും നിരൂപകനുമായ സുനിൽ പി ഇളയിടം, അഖില ലോക ക്രൈസ്തവ യുവജന ഫെഡറേഷൻ പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ്, മാധ്യമ പ്രവർത്തകൻ സനീഷ് ഇളയേടത്ത്, കെ.എം ഷാജി എം.എൽ.എ എന്നിവർ വിഷയാവതരണം നടത്തി. എം.എൽ.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറർ എം.എ സമദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here