പോലീസ് പീഡനത്തില്‍ വിനായകന് ആത്മഹത്യചെയ്തു എന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം ആരംഭിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ.ബലറാം, ഡോ.രാഖിന്‍, വിനായകനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ശരത്ത് എന്നിവരോട് ലോകായുക്ത മുന്‍പാകെ ഹാജരാവാന്‍ ഉത്തരവിട്ടുണ്ട്. ഈ ഉത്തരവ് പുറപ്പെടുവിച്ചത് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രനുമാണ്.
16,17 തീയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറി ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്കാന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കും റൂറല്‍ എസ്.പിക്കും ദേശീയ പട്ടികജാതി കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.