സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍ രത്‌ന പുരസ്‌കാരം, മലയാളികള്‍ക്ക് അവാര്‍ഡില്ല

0
57

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. പി.ടി. ഉഷയും ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും സമിതിയില്‍ അംഗങ്ങളാണ്.

ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, പ്രശാന്തി സിങ്, എസ്.വി.സുനില്‍, ആരോക്യ രാജീവ്, ഖുഷ്ബി കൗര്‍ എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും അര്‍ജുന അവാര്‍ഡില്ല. സജന്‍ പ്രകാശിനെയും അവാര്‍ഡിനു പരിഗണിച്ചില്ല.ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്‌ന പുരസ്‌ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.

രണ്ടു പാരലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലുള്ള ദേവേന്ദ്ര ജഗാരിയ, റിയോ പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ എഫ്46 വിഭാഗത്തില്‍ 62.15 മീറ്ററുമായി ആതന്‍സ് പാരലിംപിപിക്‌സില്‍ (2004) സ്വര്‍ണം കണ്ടെത്തിയ ദേവേന്ദ്ര, റിയോയില്‍ 63.97 മീറ്റര്‍ കണ്ടെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

രാജസ്ഥാന്‍ സ്വദേശിയാണു ദേവേന്ദ്ര. എട്ടാം വയസ്സില്‍ മരം കയറുന്നിതിനിടെ ഷോക്കേറ്റ് ഇടതു കൈ നഷ്ടമായി. എന്നാല്‍, കായിക രംഗത്തെ തന്റെ സ്വപ്നങ്ങളിലേക്കു ഇരുകയ്യും വീശി നടന്നു കയറിയ ദേവേന്ദ്രയ്ക്ക് 2004ല്‍ അര്‍ജുന അവാര്‍ഡും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. പത്മശ്രീ നേടുന്ന ആദ്യ പാരലിംപിക് താരമെന്ന റെക്കോര്‍ഡും ദേവേന്ദ്ര കുറിച്ചു. ലിയോണില്‍ 2013ല്‍ രാജ്യാന്തര പാരലിംപിക് കമ്മിറ്റിയുടെ ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ദേവേന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് അവസാന പാരലിംപിക്‌സില്‍ പങ്കെടുത്തത്. 2008, 2012 വര്‍ഷങ്ങളില്‍ എഫ്46 വിഭാഗത്തില്‍ മല്‍സരം ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here