കശ്മീരില്‍ 16460 തദ്ദേശീയരെ സൈന്യത്തില്‍ പുതുതായി നിയമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ വിവിധ വകുപ്പുകളില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ ആണ് ഇക്കാര്യം പറഞ്ഞത്.
കശ്മീരിനെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും സാധാരണ നിലയിലാക്കാന്‍ എന്ത് നടപടിയാണെടുത്തതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഹിര്‍. പതിനാറായിരത്തിലധികം തദ്ധേശീയ സൈനികരെയാണ് പുതുതായി സേനയില്‍ വിന്യസിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇതില്‍ 1000 പേര് സി.ആര്.പി.എഫിന്റെ തദ്ദേശീയ ബറ്റാലിയനിലും രണ്ട് ബറ്റാലിയന് ബസ്തരിയ ബറ്റാലിയനൊപ്പവുമായിരിക്കും.
ബസ്തറില്‍ നക്സലൈറ്റുകള്‍ക്കെതിരെ പൊരുതാന്‍ സി.ആര്.പി.എഫിന്റെ കീഴിലുള്ള ആദിവാസികളടക്കമുള്ള തദ്ധേശീയരുടെ സംഘമാണ് ബസ്തരിയ ബറ്റാലിയന്. 10000 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍, അഞ്ച് പുതിയ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലേക്ക് 5381 പേര്. കേന്ദ്ര സായുധ പോലീസ് സേന ആസാം റൈഫിള്‍സ് എന്നിവയിലേക്ക് 1079 പേര് എന്നിങ്ങനെയാണ് കണക്കുകള്‍. 1100 പേരടങ്ങുന്നതാണ് ഒരു ബറ്റാലിയന്.
അക്രമങ്ങളൊഴിവാക്കാന്‍ കാശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ കരസേനയിലെ 700 ഒഴിവിലേക്ക് സൈന്യം പരീക്ഷ നടത്തിയിരുന്നു.