പാക് അധീന കശ്മീരില്‍ ചൈനയുമായി ചേര്‍ന്ന് പാകിസ്താന് 6 ഡാമുകള്‍ നിര്‍മ്മിക്കുന്നു. സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെയാണ് പകിസ്താന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയെ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും മേഖലയുടെ ഐക്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അണക്കെട്ട് നിര്‍മ്മിക്കുന്ന മേഖലകള്‍ പാകിസ്താന് അനധികൃതമായി കൈവശം വച്ചിരിക്കുകയാണ് എന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ. അവിടെ മറ്റുള്ളവരുമായി സഹകരിച്ചുള്ള എന്ത് പ്രവര്‍ത്തനവും ഇന്ത്യയുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ്.
കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോവാന്‍ ഇന്ത്യയ്ക്ക് ലോകബാങ്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് അണക്കെട്ട് നിര്‍മ്മാണം പാകിസ്താന് ഊര്‍ജ്ജിതമാക്കിയത്. പാകിസ്താന് മുന്നോട്ട് വച്ച എതിര്‍പ്പുകള്‍ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോവാമെന്നായിരുന്നു ലോകബാങ്ക് നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷം തീരുമാനമായത്.