ജലസാന്നിധ്യമുള്ള ഗ്രഹം സൗരയൂഥത്തിനു പുറത്തുണ്ടെന്ന് ഗവേഷകര്‍

0
120

ആദ്യമായി ജലസാന്നിധ്യം സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍. ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലകണികകളുടെ സാന്നിധ്യം കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലബാഷ്പം ഉള്ളതായി കണ്ടെത്തിയത്. ഇതാദ്യമായാണ് സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയര്‍ ഉള്ള ഗ്രഹം കണ്ടെത്തുന്നതും.

നേരത്തെ തന്നെ സ്ട്രാറ്റോസ്ഫിയര്‍ ഉണ്ടെന്ന സൂചനകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. ‘ഡബ്ല്യു.എ.എസ്.പി-121ബി’ എന്ന അന്യഗ്രഹത്തെ നിരീക്ഷിച്ചത് നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ചാണ്. നേച്ചര്‍ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന്റെ ഘടന മനസ്സിലാക്കാന്‍ ഭൂമിയില്‍നിന്നും പ്രയാസമാണ്. ഇതിന് നൂതനമായ ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതായി അമേരിക്കയില്‍ മേരിലാന്‍ഡ് യൂണിവേഴിസിറ്റിയിലെ ഡ്രേക്ക് ഡെമിങ് പറഞ്ഞു.

കൂടാതെ ഈ അന്യഗ്രഹം കഠിനമായ ചൂടുള്ളതാണ്. അതുകൊണ്ടുതന്നെ ബാഷ്പരൂപത്തിലാണ് അന്തരീക്ഷത്തില്‍ ജലത്തിന്റെ സാന്നിധ്യവും. അതിനാല്‍ പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങള്‍ ഗ്രഹത്തിന്റെ തിളക്കത്തില്‍ എപ്രകാരം വ്യത്യാസമുണ്ടാക്കുന്നു എന്ന് നിരീക്ഷിച്ചാണ് അവിടെ ജലസാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ഡെമിങ് പറഞ്ഞു.

സജീവമായ ഒരു സ്ട്രാറ്റോസ്ഫിയര്‍ ഗ്രഹത്തില്‍ ഉള്ളതായി തിരിച്ചറിഞ്ഞത് ഹബിള്‍ സ്‌പേസ് ടെലിസ്‌കോപിലൂടെയുള്ള നിരീക്ഷണത്തിലാണ്. 1.3 ദിവസം കൂടുമ്പോഴാണ് ഗ്രഹം ഒരു തവണ അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത്. ഗ്രഹത്തിന്റെ അന്തരീക്ഷോഷ്മാവ് 2,500 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇരുമ്പിനെ തിളപ്പിക്കാന്‍ സാധിക്കുന്ന ഊഷ്മാവാണിതെന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട ഹന്ന വേക്‌ഫോര്‍ഡ് പറയുന്നു. ‘ചൂടന്‍ വ്യാഴം’ എന്ന വിഭാഗത്തില്‍ പെടുന്ന അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലസന്നിധ്യം തിരിച്ചറിയാനായത് നിര്‍ണായകമായ ഒരു ചുവടുവെപ്പായാണ് ശാസ്ത്രലോകം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here