ജി എസ് ടി: നട്ടം തിരിഞ്ഞ് ക്യാന്‍സര്‍ രോഗികളും

0
153
കൊച്ചി: രാജ്യത്തെ പുതിയ നികുതി വ്യവസ്ഥയായ ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങള്‍ നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്കും തിരിച്ചടിയാകുന്നു. ക്യാന്‍സര്‍ ചികിത്സാരംഗത്തെ എറ്റവും പുതിയ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്റര്‍  എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജിഎസ്ടി നടപ്പാക്കിയതുമൂലം തിരിച്ചടി നേരിട്ടിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്നും മറ്റ്  സമീപ ജില്ലകളില്‍ നിന്നുമായി രണ്ടായിരത്തിലധികം നിര്‍ധന രോഗികളാണ് എല്ലാ വര്‍ഷവും ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്‌ക്കെത്തുന്നത്. പി.രാജീവ് രാജ്യസഭാ മെമ്പറായിരുന്ന വേളയിലാണ് 7 കോടി രൂപ വിലമതിക്കുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി എം.പിമാരായ ഡോ. ബി ജയശ്രീ, മൃണാള്‍ മിറി, എച്ച്.കെ.ദുവ, ഡോ. അശോക് എസ് ഗാംഗുലി, കെ.ടി.എസ് തുല്‍സി, കെ. പരാശരന്‍, സി.പി.നാരായണന്‍ തുടങ്ങിയവരില്‍ നിന്നും എം.പി ഫണ്ട് സ്വരൂപിച്ചു. കൂടാതെ ഈ ഉപകരണത്തിനായുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുകയായ രണ്ടുകോടി എഴുപതു ലക്ഷം രൂപ ബി.പി.സി.എല്‍, കൊച്ചിന്‍ റിഫൈനറി, സിന്തൈറ്റ് തുടങ്ങിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും സമാഹരിച്ചു. ലീനിയര്‍ ആക്‌സിലറേറ്ററിനായി ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഇറക്കുമതി ചുങ്കം 5 ശതമാനമായിരുന്നു.
ഇംഗ്ലണ്ടില്‍ നിന്നും കപ്പല്‍ മാര്‍ഗം  കൊച്ചിയിലെത്തിച്ച ലീനിയര്‍ ആക്‌സിലറേറ്റര്‍ വിട്ടു കിട്ടണമെങ്കില്‍ 20 ശതമാനം ജി.എസ്.ടി അടയ്ക്കണം. ഇതിനു വേണ്ടി വരുന്ന അധിക തുകയായ 1.4 കോടി രൂപ എങ്ങനെ കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് 30 ശതമാനം സൗജന്യ ചികിത്സ ലഭ്യമാക്കുന്ന രീതിയില്‍ തയാറാക്കിയ പദ്ധതിയാണ് ജി.എസ്.ടി നിലവില്‍ വന്നതു മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇറക്കുമതി ചെയ്ത ചികിത്സാ ഉപകരണങ്ങള്‍ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്തില്ലെങ്കില്‍ ഡമറേജ് ഇനത്തിലും ഭീമമായ തുക കണ്ടെത്തേണ്ടിവരും.
ക്യാന്‍സര്‍ ചികിത്സാരംഗത്ത് മധ്യകേരളത്തിലെ നിര്‍ധന  രോഗികളുടെ ഏക ആശ്രയമാണ്  എറണാകുളം ജനറല്‍ ആശുപത്രി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങളുടെ ചിലവ് വരുന്ന കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍, വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ സഹായത്തോടെ, തികച്ചും സൗജന്യമായാണ് ഇവിടെ രോഗികള്‍ക്ക് നല്‍കുന്നത്. ലീനിയര്‍ ആക്‌സിലറേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ വരുന്ന ജി.എസ്.ടി സ്വകാര്യ ആശുപത്രികള്‍ക്ക്   ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി വകയിരുത്താം. എന്നാല്‍ സൗജന്യ സേവനം നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇപ്രകാരം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വകയിരുത്തുവാന്‍ സാധിക്കില്ല.  ജിഎസ്ടി നടപ്പാക്കിയതിലെ ഈ അപാകത പരിഹരിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് മികച്ച ചികിത്സാ  ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പി.രാജീവ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here