നടന് ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. ഇതിനായി പുതിയ അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷന് ബി. രാമന്‍പിള്ളയാണ് കേസ് ഇനി കൈകാര്യം ചെയ്യുക. അദ്ദേഹമിന്ന് ദിലീപിനു വേണ്ടി ഹാജരാകും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണു ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്. അഡ്വ. രാംകുമാര്‍ ആയിരുന്നു നേരത്തെ കോടതിയില്‍ ഹാജരായിരുന്നത്.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ല, കുറ്റകൃത്യത്തില്‍ ദിലീപിന്റെ കൂട്ടാളിയായ സുനില്‍രാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തത്. എന്നാല്‍, ഈ രണ്ടുകാര്യങ്ങള്‍ക്കും നിലവില്‍ പ്രസക്തി നഷ്ടപ്പെട്ടു.
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്കി. അപ്പുണ്ണിയും പൊലീസിനു മൊഴിനല്‍കാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാവും.
ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്.
മജിസ്ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹര്‍ജികള്‍ തള്ളിയപ്പോള്‍ പ്രതികള്‍ക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികള്‍ വസ്തുതാപരമല്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണു പൊലീസ്. പക്ഷേ, ഫോണ്‍ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തില്‍ അവര്‍ക്കു വ്യക്തതയുമില്ല.