ന്യൂഡൽഹി : ബിജെപിക്കെതിരെയുള്ള മഹാസഖ്യം പരാജയമായതിനു പിന്നാലെ ഇനി ഒരു സഖ്യത്തിനു സാധ്യതയില്ലെന്ന നിഗമനത്തില്‍ സിപിഎം. രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സഖ്യ സാധ്യതകള്‍ സിപിഎം തള്ളുന്നത്. ഒന്ന് സഖ്യത്തെ നയിക്കുക കോണ്‍ഗ്രസ് തന്നെയാകും, രണ്ടു പ്രാദേശിക കക്ഷികളെ വിശ്വസിക്കുക പ്രയാസമാണ്. ഈ രണ്ടു ഘടകങ്ങളും മഹാസഖ്യം പോലുള്ള ഒരു സഖ്യത്തിനു പരിമിതിയാകുന്നു എന്നാണു സിപിഎം വിലയിരുത്തല്‍. പാർട്ടി മുഖപത്രം പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണു ഈ നിരീക്ഷണങ്ങള്‍ ഉള്ളത്.
ബിജെപിക്ക് ബദല്‍ ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകുന്നു. അടിസ്ഥാന നയങ്ങളിൽ ബിജെപിയും കോൺഗ്രസുമായി വ്യത്യാസവുമില്ല. മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസുമായി കൂട്ട് വേണം എന്ന പാര്‍ട്ടിയിലെ യെച്ചൂരി ലൈനിനു ഒരു മറുപടികൂടിയാണ് മുഖപ്രസംഗം. പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റര്‍ പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. യച്ചൂരിയെ രാജ്യസഭയിലെത്തിക്കാൻ ബംഗാൾ ഘടകം നടത്തിയ ശ്രമം കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ പരാജയമടഞ്ഞിരുന്നു.