പിഡിപി നോതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരളയാത്രക്കുള്ള പുതുക്കിയ യാത്രാച്ചെലവ് വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 1.18 ലക്ഷം രൂപയാണ് മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രാച്ചെലവായി കര്‍ണാടകം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കൂടാതെ കേരളത്തില്‍ നാല് ദിവസം അധികം ചിലവഴിക്കാനുള്ള അനുമതിയും സുപ്രീംകോടതി നല്കി.
പുതുക്കിയ യാത്രാച്ചെലവിന്റെ കണക്കില്‍ മഅദനിക്ക് അകമ്പടി സേവിക്കുന്ന ഉദ്യോഗസ്ഥരുടെ ട്രാവല്‍ അലവന്‍സും ഡെയ്ലി അലവന്‍സും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 19 പോലീസുദ്യോഗസ്ഥരാണ് മഅദനിയ്ക്കൊപ്പം കേരളത്തിലേക്ക് വരുക.
ഇതനുസരിച്ച് ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് നാട്ടില്‍ കഴിയാം. നേരത്തെ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് യാത്രാച്ചെലവിനായി കെട്ടിവയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് ആവശ്യപ്പെട്ടത്. ഇത്ര വലിയ തുക മഅദനിയോട് ആവശ്യപ്പെട്ടതിന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തുക കുറയ്ക്കാന്‍ കര്‍ണാടക തയ്യാറായത്.
മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനുമാണ് മഅദനി കേരളത്തിലേക്ക് എത്തുന്നത്. കേരളം സന്ദര്‍ശിക്കാന്‍ മഅദനിക്ക് നേരത്തെ അനുവദിച്ച സമയം കര്‍ണാടക സര്‍ക്കാര്‍ വന്‍തുക യാത്രാച്ചെലവായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു .ഇക്കാര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയ നാല് ദിവസം കൂടി അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്.