മുഖ്യമന്ത്രി പിണറായി വിജയനെ ആര്.എസ്.എസ്. പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിനു വിശദീകരണത്തിനായി വിളിപ്പിച്ച സംഭവം ട്വീറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്നും അതില്‍ തലയിടാന്‍ ആരെയും അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറയുന്നു. ഈ വിഷയത്തില്‍ ഒരു ഉപദേശകന്റെ റോള്‍ മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഗവര്‍ണറും മുഖ്യമന്ത്രിയും ഭിന്നതയില്ലാതെയാണ് വിഷയത്തില്‍ ഇടപെട്ടത്. തിരുവനന്തപുരത്ത് സമാധാനം ഉറപ്പാക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി രാജ്ഭവനില്‍ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ച ഗൗരവപൂര്‍ണവും സൗഹാര്‍ദപരവുമായിരുന്നു. എന്നാല്‍, ആ കൂടിക്കാഴ്ചക്ക്ശേഷം മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യവ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി. അത്തരമൊരു ട്വിറ്റര്‍ സന്ദേശം ഗവര്‍ണര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കി.