ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പയെടുത്ത കടക്കെണിയിലായവരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ‘വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി’ യില്‍ 4 മുതല്‍ 9 ലക്ഷം രൂപവരെ വായ്പയെടുത്തവരെയാണ് ഉള്‍പ്പെടുത്തുന്നത്.
നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു ഇതുമായി സംബന്ധിച്ച് അപേക്ഷകള്‍ നല്‍കാം. ഇതിനായി elrs.kerala.gov.in എന്ന വെബ്ബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അപേലോഡ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട അപേക്ഷാഫോം പൂരിപ്പിച്ച് പ്രിന്റെടുത്ത് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുമായി ബാങ്കില്‍ അടക്കുക. വിദ്യാര്‍ത്ഥിയുടെ വിഹിതം ബാങ്കില്‍ നേരത്തെ അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കുക.
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതാണ് പദ്ധതി. 2016 മാര്‍ച്ച് 31നോ അതിനുമുന്‍പോ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട 4 ലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. 7 ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുടെ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായം ലഭിക്കുക.
നിഷ്ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷത്തില്‍ 90 ശതമാനവും തുടര്‍ന്ന് 75,50,25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം നല്‍കുക. അതെസമയം പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ മരിക്കുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.
കൂടാതെ കിടപ്പാടം മാത്രമുള്ളവരെ വിദ്യാഭ്യാസ വായ്പയുടെ പേരില്‍ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ധാരണയിലെത്തിയതായും ധനമന്ത്രി വ്യക്തമാക്കി.