ഇടക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി

0
80


ഇടക്കിടെ പേടിച്ച് പനിവരുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. എറണാകുളത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ പി.രാജുവിന്റെ രൂക്ഷവിമർശനം. മദ്ധബുദ്ധികളായ ചില ഉപദേശികൾ അദ്ദേഹത്തിനൊപ്പമുണ്ടെന്നും അവരുടെ നിർദേശങ്ങൾ നടപ്പാക്കിയാൽ കേരളം കുട്ടിച്ചോറാകുമെന്നും രാജു കുറ്റപ്പെടുത്തി.

സംഘർഷങ്ങളുണ്ടായപ്പോൾ ഗവർണറെ കണ്ട മുഖ്യമന്ത്രിയുടെ നടപടിയേയും പരിഹസിച്ച രാജു, എന്നെ കാണണം എന്ന് ഗവർണർ ഒരു തമ്പുരാനെ പോലെ പറയുമ്പോൾ കാണാൻ പറ്റില്ലെന്ന് ആർജവത്തോടെ പറയുവാൻ മുഖ്യമന്ത്രിക്ക് സാധിക്കണമായിരുന്നുവെന്ന് രാജു കുറ്റപ്പെടുത്തി.

താൻ പോയി കുമ്മനത്തെ കാണണം, താൻ പോയി ആർഎസ്എസ് നേതാക്കളെ കാണണം എന്നെല്ലാം ഗവർണർ ആജ്ഞാപിക്കുമ്പോൾ പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നതെന്നും രാജു പറഞ്ഞു.

അതിനിടെ വിവാദ പ്രസംഗത്തിൽ പി. രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രസ്താവനയുടെ കാരണം വ്യക്തമാക്കണമെന്നും രേഖാമൂലം നൽകിയ കത്തിൽ കാനം ആവശ്യപ്പെട്ടു. മുമ്പും ഇത്തരം പ്രസ്താവനകൾ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here