ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 90 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പോളിംഗ് ഇപ്പോഴും തുടരുകയാണ്.
790 വോട്ടുകളുള്ള ഇലക്ട്രല്‍ കോളേജില്‍ ഇന്നുച്ചയ്ക്ക് ഒരു മണി വരെ 713 വോട്ടുകളാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിങ് സമയം. ഏഴ് മണിക്കാണ് ഫലപ്രഖ്യാപനം നടത്തുക.
പ്രധാനമന്ത്രി നരേന്ദ്രമോദി പോളിംഗിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ഉപ പ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനി, തുടങ്ങിയ പ്രധാന നേതാക്കളും ഉച്ചയ്ക്കു മുന്നേ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. സച്ചിന് ടെണ്ടുല്‍ക്കര്‍ എംപിയും വോട്ട് രേഖപ്പെടുത്തി.
രാജ്യസഭയില്‍ 337 അംഗങ്ങളും ലോകസഭയില്‍ 80 അംഗങ്ങളും ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കാനാവുമെന്ന ഉറപ്പുണ്ട്. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ഇരു സഭകളിലുമുള്ള 67 എംപിമാരും എന്‍ഡിഎയെ പിന്തുണയ്ക്കുന്നുണ്ട്.
വിജയിക്കാന്‍ ആവശ്യമായത് 395 വോട്ടുകളാണെങ്കില്‍ വെങ്കയ്യ നായിഡുവിന് 484 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.