കഴിഞ്ഞ ആഴ്ച അന്തരിച്ച പ്രൊഫസർ യശ് പാൽ താൻ ജീവിച്ച ലോകത്തിന്റെ രീതികളെ കാര്യമായി സ്വാധീനിച്ച ഒരു ശാസ്ത്രചിന്തകനും അധ്യാപകനും ആയിരുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ഒരു തവണയേ ഞങ്ങൾ സംസാരിച്ചിട്ടുള്ളു. കന്പിയില്ലാക്കന്പി വഴി. അതും ഏതാനും മിനിറ്റു മാത്രം. ആ സംഭാഷണം എന്റെ ഓർമ്മയിലെ ഒരു പ്രധാനസംഭവമായി ഇന്നും നിലനിൽക്കുന്നു.
സംസാരിക്കുന്പോൾ, എഴുപത്തേഴിൽ, ഞാൻ വിജയവാഡയിലായിരുന്നു. പ്രൊഫസർ യശ് പാൽ അഹമ്മദാബാദിലും. അവിടത്തെ സ്പേസ് അപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്റ്റർ ആയിരുന്നു അദ്ദേഹം. അദ്ദേഹം നിയോഗിച്ച ഒരു സാങ്കേതികസംഘം കടലെടുത്ത ആന്ധ്ര തീരത്ത് ശാസ്ത്രപഠനത്തിനെത്തിയിരുന്നു. പ്രകൃതി ക്ഷോഭിക്കുന്ന അവസരങ്ങളിൽ ആശയവിനിമയത്തിന്റെ പുതിയ സങ്കേതങ്ങൾ എങ്ങനെ ആവിഷ്ക്ക്കരിക്കാം എന്നതായിരുന്നു അവരുടെ ആലോചന. അവർ കണ്ടെത്താവുന്ന വഴി പരീക്ഷിച്ചുനോക്കാൻ ഡൽഹി ആകാശവാണിയിൽനിന്ന് വിജയവാഡയിലെത്തിയ എനിക്ക് ഉൽസാഹമായിരുന്നു.
അതിനിടെ ഒരു വാക്ക് കടലേറ്റത്തെപ്പറ്റി. ഒരു നവന്പർ വൈകുന്നേരം ആന്ധ്ര തീരത്ത് ഒരു തിരമാല അടിച്ചുയർന്നു. അതു വന്ന പോലെ പോവുകയും ചെയ്തു. അത്രയേ കടലേറ്റമായി ഉണ്ടായുള്ളു. അതുവരെ മുരണ്ടും മൂളിയും കിടന്നിരുന്ന കടൽ ഒരൊറ്റക്കേറ്റമായിരുന്നു. ഇറങ്ങുന്പോൾ കോടി കോടി കൈകളിൽ കൊള്ളാവുന്നതെല്ലാം കടൽ അള്ളിപ്പിടിച്ചിരുന്നു. വെള്ളമിറങ്ങാൻ പത്തു ദിവസം കാത്ത് അവിടെയെത്തിയ ഞാൻ രൂപം നഷ്ടപ്പെട്ട നാട്ടുവഴികളിലൂടെ നടന്നും വണ്ടിയോടിച്ചും കടന്നു പോയി. വഴിയോരങ്ങളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ അടിഞ്ഞുകിടന്നു. എണ്ണാനും തരം തിരിക്കാനും തിരിച്ചറിയാനും സാവകാശമില്ല.

താഴെ എന്നെ തുറിച്ചുനോക്കിയ ശവങ്ങളുടെ അനാഥത്വത്തിൽനിന്ന് കണ്ണകറ്റാൻ ഞാൻ ആകാശത്തേക്കു നോക്കി. ഒന്നും സംഭവിക്കത്ത മട്ടിൽ ഞെളിഞ്ഞുനിന്നിരുന്ന കരിന്പനകളുടെ കിരീടങ്ങളിൽ എന്റെ നോട്ടം നിലച്ചു. അവയുടെ ഓലകളിലും പട്ടകളിലും വൈക്കോൽ തുരുന്പുകൾ പറ്റിപ്പിടിച്ചുനിന്നിരുന്നു. ഒരു വീർപ്പിനു കുതിച്ചുകയറിയ തിരമാല നിക്ഷേപിച്ചുപോയതായിരുന്നു ആ കച്ചിക്കഷണങ്ങൾ.
ആദ്യത്തെ നോട്ടത്തിൽ എനിക്ക് ആ ഭയാനകത്വം ഉൾക്കൊള്ളാനായില്ല. പന, തല, കുല, വൈക്കോൽ…അതൊക്കെയേ കണ്ടുള്ളു. അത്ര പൊക്കത്തിൽ തിരയടിച്ചുകേറിയാൽ പിന്നെ ഏറെയൊനും സജീവമായി ശേഷിക്കാനുണ്ടാവില്ലെന്ന ബോധം തെളിയാൻ നേരമെടുത്തു. വിനാശത്തിന്റെ ആ വേതാളവേഷം, ഉള്ളിൽ തെളിഞ്ഞപ്പോൾ, കിടിലമുണ്ടായി. അതൊക്കെ ആയിരം വാക്കുകളിൽ, ഏതാനും നിമിഷം കൊണ്ട്, പറഞ്ഞുതീർക്കുകയും ഡൽഹി വഴി ശ്രോതാക്കളെ അറിയിക്കുകയും ചെയ്യുന്നതെങ്ങനെയെന്നായിരുന്നു ആലോചന. പ്രൊഫസർ യശ് പാലിന്റെ സാങ്കേതികസംഘത്തിന്റെ സഹായം ഉപകരിച്ചത് അപ്പോഴായിരുന്നു.
ലേഖകൻ എന്ന നിലക്ക് ഞാൻ അതുവരെ പരിചയപ്പെട്ടിരുന്നത് രണ്ട് വിനിമയോപാധികളുമായിട്ടായിരുന്നു
ആ സാഹചര്യത്തിലാണ് കന്പിയും ഫോണുമൊന്നുമില്ലാതെ, തികഞ്ഞ തെളിച്ചത്തോടെ, സന്ദേശം വിജയവാഡയിൽനിന്ന് ഡൽഹിയിലെത്തിക്കാൻ പ്രൊഫസർ യശ് പാലിന്റെ സംഘം സഹായിച്ചത്. കാലത്തിന്റെ ഈ അകലത്തിൽ തീരെ നിസ്സാരമെന്നു തോന്നാവുന്ന ആ സംഭവം അന്ന് അത്ഭുതമായിരുന്നു. അങ്ങനെ നോക്കുന്പോൾ, വിവരം വേഗത്തിലും വ്യക്തമായും കൈമാറാൻ പറ്റുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതാകും ഈ നൂറ്റാണ്ടിന്റെ വലിയൊരു നേട്ടം. നമ്മുടെ മൂല്യബോധത്തെത്തന്നെ അതു സാരമായി ബാധിച്ചിരിക്കുന്നതു കാണാം.
ആന്ധ്രയിലെ ചുഴലിയുടെ ഭയാനകത്വം അനുഭവിച്ചറിയുന്നതിനു തൊട്ടുമുന്പ് ഞാൻ ഒരു വിമാനാപകടത്തിൽ പെട്ടിരുന്നു. അസമിലെ ജോർഹട്ടിൽ പ്രധാനമന്ത്രി ദേശായിയുടെ പ്രത്യേക വിമാനം തകർന്നു വീണു. നാലു വൈമാനികർ മരിച്ചു. അവരിൽ ഒരാളെ അവസാനത്തെ നിമിഷത്തിൽ ശുശ്രൂഷിക്കാൻ ഞാനും ഉണ്ടായിരുന്നു. ആകാശവാണിയുടെ ലേഖകനായി പ്രധാനമന്ത്രിയെ അനുഗമിച്ചതായിരുന്നു ഞാൻ.
മരിച്ചില്ലെന്നു മനസ്സിലായപ്പോൾ ഫോണിനെപ്പറ്റിയും വാർത്തയെപ്പറ്റിയുമായി ചിന്ത. രാത്രി എട്ടു മണിക്ക് അസമിലെ ഒരു വിദൂരഗ്രാമത്തിൽ ഉണ്ടായ വി ഐ പി വിമാനാപകടം ആകാശവാണിയെ എങ്ങനെ അറിയിക്കും? എവിടെ ഫോൺ? അതു തേടിയുള്ള ഓട്ടമായിരുന്നു അടുത്ത ഒന്നര മണിക്കൂറിൽ. ഒടുവിൽ എത്തിപ്പെട്ട പട്ടാളത്താവളത്തിലെ ഒറ്റ ഫോണിനു വേണ്ടിയും മൽസരമായി. ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയുമായി മൂന്നു മിനിറ്റ് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് സുകൃതം. വിജയത്തിനും പരാജയത്തിനും ഇടയിൽ ആ മൂന്നു മിനിറ്റ് നീണ്ടു. ആ നിമിഷങ്ങൾക്ക് ഉത്തരമില്ലാത്ത ഉൽക്കണ്ഠയുടെ ഒരു യുഗത്തിന്റെ നീളമുണ്ടായിരുന്നുവെന്നു തോന്നി. ഞാൻ വലിയൊരു സ്കൂപ്പിന്റെ ഉടമയും കാരണവുമായി.
പലപ്പോഴും ഞാൻ ഓർത്തുനോക്കിയിട്ടുണ്ട്: ഇന്നായിരുന്നെങ്കിലോ? ഇന്ന് കഥ പറയാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ, ആരും കാത്തിരിക്കേണ്ട. സംഭവം നടക്കുന്പോഴേ കീശയിൽ കയ്യിട്ട് ഫോൺ ചെയ്യാം. എത്ര നേരം വേണമെങ്കിലും ഫോൺ ഉപയോഗിക്കാം. സംഭവത്തിനും സന്ദേശത്തിനും വിനിമയത്തിനും പ്രസാരണത്തിനുമിടയിൽ കാലം അന്ധാളിച്ചു നിൽക്കുകയില്ല. ആർ ആദ്യം പറയും എന്നു തർക്കിച്ചുനോക്കാൻ അവസരമുണ്ടാവില്ല. എല്ല്ലാവർക്കും ഒരേസമയം വാർത്ത കൈമാറാവുന്ന വിധം സാങ്കേതിക വിദ്യ വളർന്നിരിക്കുന്നു. അതോടെ സ്കൂപ്പിന്റെ സാധ്യത ഇല്ലാതായി. ആർ ആദ്യം വാർത്ത വിളന്പി എന്നു നിശ്ചയിക്കാനൊരു ജൂറിക്കും സാധ്യമല്ലാതായിരിക്കുന്നു. സ്കൂപ്പിന്റെ മരണത്തിൽ മാധ്യമക്കാർ പരിതപിക്കാമെങ്കിലും വിനിമയം ഇത്ര ഫലപ്രദവും വേഗവും ആകുന്നതിൽ വാർത്തയുടെ ഉപഭോക്താക്കൾ എന്നു പറയാവുന്ന കൂട്ടർ സന്തോഷിക്കും. പ്രൊഫസർ യശ് പാൽ ഒരുക്കിയ വിജയവാഡയിലെ വഴി അന്ന് അസമിലെ ഉൾനാടൻ വയലുകളിൽ കിട്ടിയിരുന്നെങ്കിൽ ഒരു സ്കൂപ്പിനെപ്പറ്റിയും ഞാനോ എന്നോടോടിത്തോറ്റ മറ്റൊരു ലേഖകനോ മേനി പറയുമായിരുന്നില്ല.
വാക്കും ചിത്രവും കൈമാറുന്നതിൽ ഒരു പോലെ മാറ്റം വന്നിരിക്കുന്നു. വാക്കുകൾ ചുരുക്കിയെഴുതുന്ന രീതി വശമാക്കിയിരുന്നവരായിരുന്നു എഴുപതുകൾ വരെ ലേഖനവൃത്തിയിൽ ഉയർന്നുവന്നിരുന്നവർ. ഇന്ത്യയിൽ അക്കാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്നത് ഷോർട് ഹാന്റ എന്നറിയപ്പെട്ടിരുന്ന ചുരുക്കെഴുത്തിന്റെ പ്രാഥമിക പാഠപുസ്ത്കമായിരുന്നു. ആ പുസ്തകം പിന്നെ എവിടെയും കിട്ടാതായി. ഓർത്തുവെക്കാനും പിരിച്ചെഴുതാനും പുതിയ സാങ്കേതികവിദ്യ വന്നപ്പോൾ നാറ്റിന്റെ മുക്കിലും മൂലയിലും കൻടിരുന്ന ടൈപ് റൈറ്റിംഗ് ഇൻസ്റ്റിറ്റുട്ട്റ്റുകൾ അടച്ചുപൂട്ടി.
കയ്യക്ഷരം നന്നായാൽ മിടുക്കൻ എന്ന പേരു കിട്ടുമായിരുന്നു എന്റെ കുട്ടിക്കാലത്ത്. വായിക്കാൻ വിഷമം കണ്ടേക്കാമെങ്കിലും, നല്ല വടിവുള്ള എന്റെ അക്ഷരങ്ങൾക്ക് സമ്മാനം പോലും കിട്ടുകയുണ്ടായി. ടൈപ് റൈറ്റർ എഴുത്തിനെ മാറ്റി മറിച്ചു. പിന്നെ വേർഡ് പ്രോസസ്സർ വന്നു. കന്പ്യൂട്ടർ വന്നു. മേശപ്പുറം മുഴുവൻ നിറഞ്ഞിരിക്കുന്ന കന്പ്യൂട്ടറും ഉള്ളം കയ്യിലൊതുങ്ങുന്ന കന്പ്യൂട്ടറും വന്നു. അങ്ങനെ എഴുത്തുകാർ എഴുതാതായി. അവർ കീ ബോർഡ് അമർത്തുന്നവരായി. മണലിൽ ഹരിശ്രീ കുറിച്ച് വളർന്നവർ വായുവിൽ തങ്ങിനിൽക്കുന്ന വാക്കുകളുടെയും ചിത്രങ്ങളുടെയും സ്രഷ്ടാക്കളായി. മനുഷ്യന്റെ ഭാവത്തിലും ശീലത്തിലും ഈ സാങ്കേതികസംസ്ക്കാരം എന്തു മാറ്റം വരുത്തിയെന്ന് ആലോചിച്ചുരസിക്കാം.
ആശയവിനിമയത്തിന്റെയെന്നല്ല ഓരോരോ രംഗത്തും വന്നിരിക്കുന്ന സാങ്കേതികപരിവർത്തനം മനുഷ്യന്റെ വിശ്വാസത്തിലും വിളയാട്ടത്തിലും ആഴത്തിൽ സ്വാധീനം ചെലുത്തിയതായി കാണാം. മരണത്തെ അല്പമൊക്കെ മാറ്റിവെക്കാൻ പോലും മനുഷ്യന് കഴിയുമെന്നായിരിക്കുന്നു. “ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ” എന്ന വരികൾ വേറൊരർഥത്തിലും വായിച്ചെടുക്കാം. മൃത്യുവിനെ മാറ്റിവെക്കാൻ പോന്ന പുതിയൊരു വിദ്യയെപ്പറ്റി ഇന്നലെ കേട്ടു.
മിക്ക അവയവങ്ങളും കേടു വന്നാൽ നന്നാക്കുകയോ മാറ്റി വെക്കുകയോ ചെയ്യാമെന്നായിട്ടുണ്ട്. കയ്യും കരളുംകാലും കണ്ണും കരളും ഹൃദയവും വൃക്കയും എല്ലാം മാറ്റിവെക്കാം. നന്നാക്കാം. പുരാണങ്ങളിൽ മാത്രം പരാമർശിച്ചു കാണുന്നതാണ് തല മാറ്റിവെക്കാനുള്ള സാധ്യത. കുതിരയുടെ തല മാറ്റി വെച്ചതിനെപ്പറ്റി ചിന്തിച്ച ഋഷിമാരുണ്ടായിരുന്നു. രാവണൻ ഒരേ സമയം പത്തു തലയും കൊണ്ടു നടന്നിരുന്നുവോ? അതോ ഓരോ തല വീഴുന്പോഴും പുതിയതൊന്ന് മുളപ്പിക്കുകയായിരുന്നോ? അറിയില്ല. ഇപ്പോൾ പക്ഷേ ഒന്നറിയാം. കേടു വന്ന തല വെട്ടി മാറ്റി കേടില്ലാത്ത തല വെച്ചുപിറ്റിപ്പിക്കുന്ന ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് സെർജിയോ കനവറോ എന്ന ഇറ്റാലിയൻ മസ്ത്തിഷ്ക്കശസ്ത്രക്രിയാവിദഗ്ധ
മുപ്പതുകൊല്ലമായി അദ്ദേഹം അതിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു. ഈ ഡിസന്പറിൽ അതു നടക്കും. നൂറ്റന്പതു ഡോക്റ്റർമാർ പങ്കെടുക്കുന്ന ശസ്ത്രക്രിയക്ക് വിധേയരാകേണ്ട രണ്ടു പേരെ ഒരുക്കിക്കഴിഞ്ഞു. തല മരിച്ച ഒരാൾ. ദേഹം മിക്കവാറും മരിച്ച വേറൊരാൾ. അവരുടെ തലയും ദേഹവും മാറ്റി വെക്കാൻ വരുന്ന ചിലവ് വെറും പതിനൊന്നു മില്യൻ ഡോളർ. ചിലവെന്തെങ്കിലുമാകട്ടെ, തല മാറ്റിവെച്ചാൽ, തല തിരിയുമോ? നാം തിരിച്ചറിഞ്ഞിരുന്ന മനുഷ്യന്റെ ബോധവും ഭാവവും നില നിൽക്കുമോ? എന്തിനു നിലനിൽക്കണം, അല്ലേ?